ന്യൂഡൽഹി: കോവിഡും നീണ്ട ലോക്ക്ഡൗണും തകർത്ത സന്പദ്ഘടനയ്ക്കു വാക്സിൻ ആകുമെന്നു പ്രതീക്ഷിക്കുന്ന കേന്ദ്ര ബജറ്റ് ഇന്ന്. പൂർണമായും കടലാസ് രഹിത ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നു രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കും.

ആൻഡ്രോയിഡ്, ആപ്പിൾ സ്മാർട്ഫോണുകൾക്കായി പ്രത്യേക ബജറ്റ് ആപ് തയാറാക്കിയിട്ടുണ്ട്. ബജറ്റ് അവതരിപ്പിച്ച ശേഷം കേന്ദ്ര സർക്കാരിന്റെ വിവിധ വെബ്സൈറ്റുകളിൽ നിന്നുള്ള വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളും നികുതി വിവരങ്ങളും കിട്ടും. രാജ്യമനഃസാക്ഷിയെ ഉണർത്തിയ കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കാർഷികമേഖലയ് ക്കും, കോവിഡിനെത്തുടർന്ന് ആരോഗ്യമേഖലയ്ക്കും, തളർച്ച നേരിടുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, ബിസിനസുകൾ, ടൂറിസം തുടങ്ങിയ മേഖലകൾക്കും നിർമലയുടെ മൂന്നാം ബജറ്റിൽ ഉത്തേജനവും പ്രോത്സാഹനവും നൽകുമെന്നാണു കരുതുന്നത്. മാന്ദ്യത്തിലുള്ള സന്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രിയും നേരത്തേ പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പാക്കേജുകൾ കാര്യമായ ഉത്തജനം നൽകാതെ വന്നതിനാൽ പുതിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു.
സാന്പത്തികഞെരുക്കമുള്ളതിനാൽ കാര്യമായ നികുതിയിളവുകളോ ആശ്വാസ-സഹായ പദ്ധതികളോ ഉണ്ടായേക്കില്ല. പരന്പരാഗത ബജറ്റിൽനിന്നു വ്യത്യസ്തമായ സമീപനമാകും ഇത്തവണ. അടുത്ത സാന്പത്തികവർഷം 11 ശതമാനം ജിഡിപി വളർച്ച നേടുമെന്ന സാന്പത്തിക സർവേയിലെ പ്രതീക്ഷകൾക്കും വിപണികളെ ഉണർത്താനായില്ല.
റെയിൽവേ ബജറ്റിനെ പൊതുബജറ്റുമായി സംയോജിപ്പിച്ചതിനാൽ റെയിൽവേ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഇന്നുണ്ടാകും. റെയിൽവേ സ്വകാര്യവത്കരണം ത്വരിതപ്പെടുത്തുന്നതാകും പൊതുസമീപനമെന്നാണു സൂചന. റെയിൽവേ വികസനം, റബർ ബോർഡ് അടക്കമുള്ള പൊതുമേഖലകൾ എന്നിവയ്ക്കു കാര്യമായ ഫണ്ട് ഉണ്ടായില്ലെങ്കിൽ കേരളത്തിന്റെ സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക