കൽപേനി: കൽപേനിയിലെ മർഹൂം ഡോ. കെ.കെ മുഹമ്മദ് കോയയുടെ പേരിലുള്ള സ്കൂളിന്റെ പേര് മാറ്റി. ഇനി മുതൽ സർദാർ പട്ടേൽ സീനിയർ സെക്കൻഡറി സ്കൂൾ എന്ന പേരിലാകും കൽപ്പേനി സ്കൂൾ അറിയപ്പെടുക. ലക്ഷദ്വീപ് ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത വ്യക്തിയാണ് മർഹും ഡോ. കെ.കെ മുഹമ്മദ് കോയ. പി.എം സഈദിനെതിരെ തിരഞ്ഞെടുപ്പിൽ ഏകദേശം 36 വർഷത്തോളം മത്സരിച്ച മർഹും കെ.കെ മുഹമ്മദ് കോയ ലക്ഷദ്വീപിൻ്റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് വളരെയധികം സംഭാവന നൽകിയ വ്യക്തിയാണ്.
കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് കുമാർ ഡാനിക്സ് വിദ്യാലയത്തിന്റെ പേരുമാറ്റുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇത് ലക്ഷദ്വീപ് ഭരണകൂടം ഗസറ്റിൽ പ്രസിദ്ധീകരിച്ചു. ഇതിന് മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ താഴെ നിന്നും പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലേക്ക് കോളേജുകൾ മാറ്റിയപ്പോൾ മർഹും പി.എം സഈദിന്റെ പേരിലുള്ള കോളേജും പുനർ നാമകരണം ചെയ്തിരുന്നു. ഇതോടെ ലക്ഷദ്വീപിലെ രണ്ട് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരുടെ പേരിൽ ഒരു സർക്കാർ സ്ഥാപനവും ഇല്ലാതായിരിക്കുകയാണ്.

ഇതോടൊപ്പം തന്നെ ലക്ഷദ്വീപിലെ സ്ത്രീ ശാക്തീകരണത്തിൻ്റെ പ്രതീകമായ ദ്വീപിലെ ആദ്യത്തെ അധ്യാപികയായ ബീയുമ്മയുടെ പേരും അവർ ഹെഡ് ടീച്ചറായിരുന്ന സ്കൂളിൽ നിന്നും എടുത്ത് മാറ്റിയിട്ടുണ്ട്. കൽപേനി ജെ. ബി സ്കൂൾ ഇനി സുഭാഷ് ചന്ദ്ര ബോസിൻ്റെ പേരിൽ അറിയപ്പെടും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക