ന്യൂഡൽഹി: അക്യുപങ്ചറിനെ സ്വതന്ത്ര ചികിത്സാരീതിയായി കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. 2003-ൽ ഇതിനെ ചികിത്സാരീതിയായി അംഗീകരിച്ചെങ്കിലും മറ്റ് വൈദ്യശാസ്ത്രങ്ങളുടേതിന് തുല്യമായ പദവി ലഭിക്കുന്നത് ഇപ്പോഴാണ്.
അക്യുപങ്ചറിന്റെ അംഗീകാരം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം 2016-ൽ വിദഗ്ധ സമിതിയെ നിയമിച്ചു. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് സ്വതന്ത്ര ചികിത്സാരീതിയായി കേന്ദ്രം അംഗീകരിച്ചത്. ഇതിന്റെ പ്രചാരണത്തിന് മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ ഒരു സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
നേർത്ത സൂചികൾകൊണ്ട് ശരീരത്തിലെ കുറച്ചുഭാഗങ്ങളെ ഉത്തേജിപ്പിച്ച് രോഗശമനം സാധ്യമാക്കുന്ന പരമ്പരാഗത ചികിത്സാരീതിയാണ് അക്യുപങ്ചർ. പ്രാചീന ഇന്ത്യയിൽ സൂചിവേധചികിത്സയെന്നറിയപ്പെട്ടിരുന്നു. ചൈനയിലെ പരമ്പരാഗത ചികിത്സയായാണ് ഇതറിയപ്പെടുന്നത്. ചൈന-ജപ്പാൻ യുദ്ധകാലത്ത് ചൈനയിൽ പോയ ഡോ. പി.കെ. ബസുവാണ് ഈ ചികിത്സാരീതി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
കുറഞ്ഞ ചികിത്സച്ചെലവ്, മരുന്നിന്റെ കുറഞ്ഞ ഉപയോഗം, പാർശ്വഫലങ്ങളില്ല തുടങ്ങിയവയാണ് ഇതിനോട് താത്പര്യം കൂടാൻ കാരണം. ഇന്ത്യയിൽ ഒരുലക്ഷത്തോളം അക്യുപങ്ചർ ചികിത്സകരും ഇരുനൂറോളം വിദഗ്ധരുമുണ്ടെന്നാണ് കണക്ക്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക