എന്റെ നാടയ കവരത്തി ദ്വീപിനടുത്ത് ജനവാസമില്ലാത്ത ഒരു ദ്വീപ് ഉണ്ട് “സുഹലി”. അധികം ദ്വീപുകാർ പോലും എത്തിപ്പെടാത്ത ഒരിടം. ദ്വീപ് അല്ല സ്വർഗ്ഗം. “ഭൂമിയിലെ സ്വർഗം”, അങ്ങനെ പറയുന്നതാവും ശരി. കവരത്തിയിൽ നിന്ന് സുഹലിക്ക് ബോട്ടിലാണ് യാത്ര. ഏതാണ്ട് നാലു മണിക്കൂർ യാത്രയുണ്ട്.
ഇരുട്ടി വെളുക്കുന്ന നേരം പുറപ്പെടുന്ന ഒരു ബോട്ടിൽ യാത്രികനായി കയറി, ഓടി പോയി ബോട്ടിനു മുകളിൽ തന്നെ സ്ഥാനം പിടിച്ചു. അതാവുമ്പോ ഇങ്ങനെ കാലൊക്കെ നിവർത്തിവെച്ച് നീണ്ടു നിവർന്നു കിടക്കാം.

ഇരുളിൽ പ്രകാശിക്കുന്ന ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി മലർന്ന് കിടന്ന്, ഫോണിലെ ഇഷ്ടമുള്ള ഏതേലും പ്ലേലിസ്റ്റിന്റെ പ്ലേ ബട്ടൻ അമർത്തി ചെവിട്ടിൽ ഇയർഫോൺ തിരുകി സുഖമുള്ള ഓർമകളുടെ വാതിൽ തുറന്നു മലർന്ന് ഒരു കിടത്തം. “ആഹ്” “ഓർമകൾ ആവുംമ്പോഴാണ് എന്തിനും ചന്തം കൂടുക”. സ്പിരിറ്റ് എന്ന സിനിമയിലെ മോഹൻലാലിന്റെ ഈ ഡയലോഗ് എത്ര അർത്ഥവത്താണ് എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ… ബോട്ട് നീങ്ങി തുടങ്ങുമ്പോൾ മഞ്ഞിന്റെ നേരിയ തണുത്ത കാറ്റിനൊപ്പം, ചന്ദ്രനിലാവെളിച്ചം കടലിലെ ഓളങ്ങളിൽ തട്ടി മുഖത്തു വന്നു വീഴും. ഓർമയിലെ കഥാപാത്രങ്ങൾ ബോട്ടിൽ കയറിയിരിക്കുന്ന പോലെ ഒരു ഫീൽ,
പിന്നെ അങ്ങോട്ട് അവരെല്ലാരുമായി ഒരു യാത്രയാണ്. സമയം പോയതറിഞ്ഞില്ല..!!
“സൂര്യന്റെ പ്രകാശം മുഖത്ത് വന്നു വീഴുംമ്പോഴേക്കും നാട് കണ്ടിരുന്നു. ഇരുട്ട് മാറി ചുറ്റിലും കണ്ണെത്താദൂരത്തോളം ഇളം നീല നിറമുള്ള കടൽ, അങ്ങിങ്ങായി മീനുകൾ കൂട്ടം കൂടി നടക്കുന്നതും അവയെ വലം വെച്ച് പറക്കുന്ന പക്ഷികളെയും കാണാം. കാഴ്ചകൾ കണ്ട്, ഉച്ച ഭക്ഷണത്തിനുള്ള മീനും ചൂണ്ടയിട്ട് പിടിച്ച്, ഞങ്ങൾ സുഹലിയെ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു. പ്രഭാതം പൊട്ടി വിടരുന്ന നേരം ബോട്ടിന്റെ മുകളിൽ കയറി ഒരു ചൂട് കട്ടൻ ചായയും മോന്തികുടിച്ച് വിദൂരതയിൽ ഒരു സ്വപ്ന ലോകം പോലെ ഇളം നീല വിരിമാറിൽ പച്ചവിരിച് നില്ക്കുന്ന സുഹലി ദ്വീപും നോക്കി നിൽകുമ്പോ കിട്ടണ ഫീൽ.. അനുഭവിച്ച് തന്നെ അറിയണം !!
ഒറ്റ മനുഷ്യക്കുഞ്ഞ് പോലും സ്ഥിര താമസം ഇല്ലാത്ത നെറ്റ്‌വർക്കോ വൈദ്യുതിയോ ഉപദ്രവകാരിയായ മൃഗങ്ങളോ ഒന്നും ഇല്ലാത്ത സുഹലിയെന്ന സ്വർഗ്ഗം….!
തുടരും…..

എന്റെ യാത്രയിൽ അവിടത്തെ കാഴ്ചകൾ
ഒപ്പിയെടുത്ത ഒരു കൊച്ച് വീഡിയോയുടെ ആദ്യഭാഗമാണിത്. കണ്ടിട്ട് അഭിപ്രായം പറയണേ…
ഇഷ്ട്ടപെട്ടാൽ കൂടുതൽ വിശേങ്ങളും ചിത്രങ്ങളുമായി അടുത്ത ഭാഗത്തിൽ കാണാം…
എന്ന്.
-സാദിക്ക് കവരത്തി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക