കൊച്ചി: ലോക്ക്ഡൗൺ മൂലം കേരളത്തിൽ കുടുങ്ങിയ ദ്വീപുകാരായ രോഗികളുടെയും അവരുടെ കൂട്ടിരിപ്പുകാരുടെയും ആദ്യ ബാച്ച് ഇന്ന് പുറപ്പെട്ട എം.വി അറേബ്യൻ സീ കപ്പലിൽ പുറപ്പെട്ടു. അമിനി, കടമം അഗത്തി ദ്വീപുകളിലേക്കുള്ള 83 പേരാണ് ഇന്ന് യാത്രതിരിച്ചത്. പി.സി.ആർ കൊവിഡ് ടെസ്റ്റിന് വിധേയമായി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചവരാണ് എല്ലാവരും. കപ്പലിൽ കയറാനായി സ്കാനിംഗ് സെന്ററിൽ എത്തിയ അഗത്തി ദ്വീപിലെ ഒരു രോഗിയെയും കൂടെയുണ്ടായിരുന്ന എസ്കോർട്ടിനെയും തിരികെ അയച്ചു. ഇവരുടെ ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു എങ്കിലും അത് സാക്ഷ്യപ്പെടുത്തുന്ന ലാബ് റിപ്പോർട്ട് എത്താൻ വൈകിയതിനാലാണ് ഇവരെ താമസ സ്ഥലത്തേക്ക് തന്നെ തിരിച്ചയച്ചത്. ഇവരെ അഗത്തിയിലേക്കുള്ള ഏറ്റവും അടുത്ത കപ്പലിൽ കയറ്റി അയക്കുകയോ കവരത്തിയിലേക്ക് പോവുന്ന കപ്പലിൽ കവരത്തിയിൽ എത്തിച്ച് അവിടെ നിന്നും വെസൽ മാർഗ്ഗം അഗത്തിയിൽ എത്തിക്കുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച പുറപ്പെടുന്ന എം.വി ലക്ഷദ്വീപ് സീ കപ്പലിൽ കവരത്തി, കിൽത്താൻ, ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളിലേക്കുള്ള രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും അതാത് ദ്വീപുകളിലെത്തിക്കും. രണ്ടാം തിയതി പുറപ്പെടുന്ന എം.വി കോറൽസ് കപ്പലിൽ ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലേക്കും മൂന്നാം തിയ്യതി പുറപ്പെടുന്ന എം.വി കവരത്തി കപ്പലിൽ മിനിക്കോയ് ദ്വീപുകളിലേക്ക് പോവേണ്ട ആളുകളെയും നാടുകളിൽ എത്തിക്കും. മറ്റെല്ലാ ദ്വീപുകളിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും മാത്രമാണ് ആദ്യ ഘട്ടത്തിൽ നാട്ടിൽ എത്തിക്കുക. എന്നാൽ മിനിക്കോയ് ദ്വീപുകാരാണ് വൻകരയിൽ കുടുങ്ങിയവരിൽ കൂടുതലും. അതുകൊണ്ട് തന്നെ, മിനിക്കോയ് ദ്വീപിലേക്ക് രോഗികൾ അല്ലാത്തവരെയും കൊണ്ടുപോവും എന്നാണ് അറിയുന്നത്. അതിനു വേണ്ടിയാണ് ഏറ്റവും വലിയ കപ്പലായ എം.വി കവരത്തി മിനിക്കോയ് ദ്വീപിലേക്ക് ചാർട്ട് ചെയ്തിരിക്കുന്നത് എന്ന് ഇപ്പോൾ തന്നെ ആക്ഷേപം ഉയർന്നു കഴിഞ്ഞു.
അതേസമയം, ഇപ്പോൾ പുറപ്പെടുന്ന കപ്പലുകൾ തിരിച്ചു കൊച്ചിയിൽ എത്തുന്ന മുറയ്ക്ക് രോഗികൾ അല്ലാത്തവരെ നാട്ടിൽ എത്തിക്കാൻ കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച ലോക്ക്ഡൗൺ കഴിയുന്നതോടെ കേരളത്തിന് പുറത്ത് പഠനം നടത്തുന്ന വിദ്യാർഥികൾ അടക്കം കൂടുതൽ ആളുകൾ കൊച്ചിയിൽ എത്തി തുടങ്ങും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക