ഹയർ സെക്കന്ററി ഇനിയില്ല. സ്കൂൾ വിദ്യാഭ്യാസത്തെ നാല് ഘട്ടമായി തിരിക്കുന്ന പുതിയ പരിഷ്കാരവുമായി കേന്ദ്രം.

0
1306

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ ഘടനാപരമായ മാറ്റങ്ങൾ ശുപാർശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖതയ്യാറായി. നിലവിൽ പിന്തുടർന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാൻ മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാർശ ചെയ്യുന്നു. കോത്താരി കമ്മീഷന്റെ നിർദേശങ്ങൾ സ്വീകരിച്ച് 1968-ൽ രൂപം നൽകിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്കൂൾ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്.

ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ച രീതിയാണ് നിലവിലെ 10+2 രീതി. 1 മുതൽ 5 വരെ പ്രൈമറി, 6 മുതൽ 8 വരെ അപ്പർ പ്രൈമറി, 9, 10 ക്ലാസുകൾ സെക്കൻഡറിയും 11, 12 ക്ലാസുകൾ ഹയർ സെക്കൻഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ കരട് നയത്തിൽ ഹയർ സെക്കൻഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ശുപാർശ ചെയ്യുന്നു.

പുതിയ നയപ്രകാരം ശുപാർശ ചെയ്യുന്ന 5+3+3+4 രീതിയിൽ 3 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളർച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തിൽപ്പെട്ട കുട്ടികളെ വേർതിരിച്ചിരിക്കുന്നത്. ഇതോടെ പ്രീ-പ്രൈമറി വിദ്യാഭ്യാസവും സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പമാകും.

3 മുതൽ 8 വയസുവരെയുള്ള ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉൾപ്പെടും. 3, 4, 5 ക്ലാസുകൾ ഉൾപ്പെടുന്ന ലേറ്റർ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന സെക്കൻഡറി ലെവൽ സ്കൂൾ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും.

സെക്കൻഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിർദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങൾ നിർബന്ധമാകുമ്പോൾ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. എല്ലാ ക്ലാസുകളിലും വിദ്യാർഥികൾക്ക് താത്പര്യമുണ്ടെങ്കിൽ സംസ്കൃതം പഠിക്കാനുള്ള അവസരം നൽകണമെന്നും ശുപാർശയുണ്ട്.

പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വർധിപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിക്കുന്നു. 2017-ലാണ് വിദ്യാഭ്യാസനയം പരിഷ്കരിക്കുന്നതിനായി കസ്തൂരിരംഗൻ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസർക്കാർ നിയമിച്ചത്. കഴിഞ്ഞ 50 വർഷമായി പിന്തുടർന്നുവരുന്ന പഠനരീതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here