കൊച്ചി: ലക്ഷദ്വീപിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്യുന്നതിനുള്ള മാർഗരേഖ പത്തു ദിവസത്തിനകം തയാറാക്കണമെന്ന് ദ്വിപ് ഭരണകൂടത്തോട് ഹൈക്കോടതി.
ഇക്കാര്യത്തിൽ കൃത്യമായ നടപടിക്രമങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു ലക്ഷദ്വീപ് അമിനി ദ്വിപ് സ്വദേശിയും ഹൈകോടതി അഭിഭാഷകനുമായ മുഹമ്മദ് സാലിഹ് പി.എം സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചാണു കോടതിയുടെ ഉത്തരവ്.

നേരത്തേ ലക്ഷദ്വീപിൽ നിന്നും രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതിയായിരുന്നു.
പുതിയ അഡ്മിനിസ്ട്രേറ്റർ ചുമതലയേറ്റതിനു പിന്നാലെയുണ്ടായ പരിഷ്കാരങ്ങളുടെ ഭാഗമായി ഇതിന് നാലംഗ മെഡിക്കൽ ബോർഡിനെ അനുമതി വേണം എന്ന വിജ്ഞാപനം ഇറക്കിയിരുന്നു. ഇത് അടിയന്തര ചികിത്സ ആവശ്യമുള്ള പല രോഗികളുടെയും ചികിത്സ വൈകുന്നതിനു കാരണമാകുന്ന സാഹചര്യത്തിലാണ് അഡ്വ. സാലിഹ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലേക്കോ ഇതര ദ്വീപുകളിൽ നിന്നും കവരത്തിയിലേക്കോ അഗത്തിക്കോ ആണ് അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ ഹെലികോപ്റ്ററിൽ എത്തിക്കേണ്ടി വരിക.

അതാത് ദ്വിപുകളിലെ ചികിത്സിക്കുന്ന ഡോക്ടര്‍ ആവശ്യപ്പെട്ടാലും നാലു പേരടങ്ങുന്ന കമ്മറ്റി അംഗീകരിച്ചാല്‍ മാത്രമേ രോഗിയെ മാറ്റാന്‍ സാധിക്കു. അതിനാല്‍ രോഗികളെ എത്തിക്കുന്നതില്‍ കാലതാമസം നേരിടുമെന്ന് ചൂണ്ടിക്കാട്ടി അഡ്വ. മുഹമ്മദ് സാലിഹ് കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് ലക്ഷദ്വീപിൽ നിന്ന് ചികിൽസയ്ക്കായി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾക്ക് മാർഗരേഖ തയാറാക്കാൻ അഡ്മിനിസ്ട്രേഷനോട് ഹൈക്കോടതി നിർദേശിച്ചത്. മറ്റു ദ്വീപുകളിൽ നിന്ന് കവരത്തിയിലേക്കും അഗത്തിയിലെക്കും രോഗികളെ ഹെലികോപ്ടർ മാർഗം കൊണ്ടുവരുന്നതിനുള്ള മാർഗരേഖയും തയാറാക്കണം. പത്തു ദിവസത്തിനുള്ളിൽ മാർഗരേഖ തയാറാക്കി കോടതിയെ അറിയിക്കാനാണ് നിര്‍ദ്ദേശം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക