എൻ.കെ.പി മുത്തുകോയ.
ലക്ഷദ്വീപിന്റെ യശസ്സ് വാനോളമുയർത്തിയ കലാകാരൻ. ലോക കലാ ഭൂപടത്തിൽ ലക്ഷദ്വീപിനെ അടയാളപ്പെടുത്തിയ അനുഗ്രഹീത പ്രതിഭ. ആന്ത്രോത്തിന്റെ സ്വന്തം മുത്തിന് ഇന്ന് 77 വയസ്സ് പിന്നിടുന്നു. ആ മഹാ കലാകാരന് എല്ലാവിധ സന്തോഷങ്ങളും നേരുന്നു.

രൂക്ഷമായ പ്രതികരണങ്ങളാണ് എൻ.കെ.പി. മുത്തുക്കോയ എന്ന ലോകമറിയുന്ന ചിത്രകാരന്റെ രചനകൾ. മനുഷ്യജീവിതത്തെ പിടിച്ചുലക്കുകയെന്നത് തന്റെ ഹരമാണെന്ന് സർറിയലിസ്റ്റ് ചിത്രങ്ങളുടെ ആശാനായ മുത്തുക്കോയ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച മതേതരസമാജം ചർച്ചാസമ്മേളനത്തിൽ പങ്കെടുക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്. ലക്ഷദ്വീപിലെ ആന്ത്രോത്തിൽ ജനിച്ച മുത്തുക്കോയ ചെറുപ്പകാലത്ത് കോഴിക്കോടിന്റെ സ്നേഹമറിഞ്ഞ കലാകാരനാണ്. എലത്തൂർ സി.എം.സി ഹൈസ്കൂളിലായിരുന്നു പഠനം.
യൂനിവേഴ്സൽ ആർട്സുമായും ബന്ധമുണ്ടായിരുന്നു. 1940കളിൽ മുത്തുക്കോയയുടെ കുടുംബം ലക്ഷദ്വീപിൽനിന്ന് കണ്ണൂരിലേക്ക് താമസം മാറിയിരുന്നു. അക്കാലത്ത് വസൂരി രോഗത്തിൽ വീട്ടുകാരടക്കം മരിച്ചുവീണതിന്റെ ഒാർമകൾ മനസ്സിലുണ്ട്. മൂത്ത സഹോദരിക്കും അന്ന് ജീവൻ നഷ്ടമായിരുന്നു. അന്ന് കണ്ട ശവപ്പെട്ടികൾ പിന്നീട് മുത്തുക്കോയയുടെ പല ചിത്രങ്ങളിലും പതിഞ്ഞു. മണലിൽ ശവപ്പെട്ടി വരച്ചാണ് വര തുടങ്ങിയത്.

അന്നത്തെ മദ്രാസിലെ ഗവ. കോളജ് ഒാഫ് ആർട്സ് ആൻഡ് ക്രാഫ്റ്റിൽ സാക്ഷാൽ കെ.സി.എസ്. പണിക്കരുടെ ശിഷ്യനായിരുന്നു. സി.എൻ. കരുണാകരൻ കോളജിൽ മറ്റൊരു ക്ലാസിലുമുണ്ടായിരുന്നു. നമ്പൂതിരിയും ടി.കെ. പത്മിനിയുമെല്ലാം സീനിയേഴ്സായിരുന്നു. പഠനത്തിനു ശേഷം കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായപ്പോഴും വര തുടർന്നു. ചീഫ് ബ്രോഡ്കാസ്റ്റിങ് ഒാഫിസറായാണ് വിരമിച്ചത്. അക്രലിക് പ്രതലത്തിൽ ശ്രദ്ധേയ രചനകൾ നടത്തിയ മുത്തുക്കോയക്ക് ജലച്ചായവും പെൻസിൽ ഡ്രോയിങ്ങും ഇഷ്ടമാണ്. സമകാലിക വിഷയങ്ങൾ പ്രതിഫലിപ്പിക്കാൻ അവസരമൊരുക്കുന്ന കാർട്ടൂണും വഴങ്ങും.

രചനകൾക്ക് തലക്കെട്ടിടുന്നതാണ് മുത്തുക്കോയക്ക് വിഷമകരം. ചിത്രവും തലക്കെട്ടും തമ്മിൽ ബന്ധമില്ലെന്ന് ചിത്രകാരൻ പറയുമെങ്കിലും ആസ്വാദകർക്ക് മറിച്ചായിരിക്കും അഭിപ്രായം. ‘ഇൻട്രോവെർട്ട്’, ‘സാത്താനിക് ഗോസ്പൽസ്’, ‘ട്രംപൻറ് മ്യുട്നി’ തുടങ്ങിയവ പ്രസിദ്ധ ചിത്രങ്ങളാണ്. പുസ്തകങ്ങൾ പല ചിത്രങ്ങളിലും കടന്നുവരുന്നുണ്ട്. കലാകാരന്മാരെ കുറ്റം പറയുന്നവരാണ് നിരൂപകരെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
വിദേശരാജ്യങ്ങളിലടക്കം വിവിധ പ്രദർശനങ്ങൾ നടത്തിയ മുത്തുക്കോയ, ട്രിനാലെ-80യിലും പെങ്കടുത്തിരുന്നു. 1965ൽ ലളിതകല അക്കാദമി നടത്തിയ നാഷനൽ എക്സിബിഷൻ ഒാഫ് ആർട്ടിലായിരുന്നു ഇദ്ദേഹത്തിന്റെ സർറിയലിസ്റ്റ് ചിത്രം ആദ്യമായി പ്രദർശിപ്പിച്ചത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഡെൽഹിയിൽ കുടുംബ സമേതം റിട്ടയർമെന്റ് ജീവിതം ആസ്വദിക്കുകയാണ് ഈ മഹാ കലാകാരൻ.

കലയുടെ ലോകത്തിൽ ഇനിയും ഒരുപാട് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് ഒരുപാട് കാലം ആരോഗ്യ സമൃദ്ധമായ ജീവിതം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു. ഈ ജന്മദിനത്തിൽ സന്തോഷത്തോടെ നേരുന്നു. ദ്വീപ് മലയാളിയുടെ ഒരായിരം ജന്മദിനാശംസകൾ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക