പന്ത്രണ്ടു ദ്വീപുകൾ വിനോദ സഞ്ചാരത്തിന് തുറന്നുകൊടുക്കുന്നു. വമ്പന്മാർ കപ്പലിറങ്ങുമെന്ന് സൂചനകൾ.

0
2411
www.dweepmalayali.com

ന്യൂഡൽഹി: ലക്ഷദ്വീപിലെ 12 ദ്വീപുകൾ വിനോദ സഞ്ചാരത്തിന് തുറന്നുകൊടുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്രത്തിന്റെ വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപ് ഭരണകൂടം ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. മിനിക്കോയ്, ബംഗാരം, സുഹലി, ചെറിയം, തിന്നകര, കൽപ്പേനി, കടമം, അഗത്തി, കവരത്തി, ചെത്ത്ലാത്ത്, ബിത്ര എന്നീ ദ്വീപുകളെ പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി ലക്ഷദ്വീപ് ടൂറിസം ഡയരക്ടർ ബൽറാം മീന പറഞ്ഞു. “പരിസ്ഥിതി ലോല പ്രദേശമാണ് ലക്ഷദ്വീപ്. വിനോദ സഞ്ചാരികളുടെ ഒഴുക്ക് മൂലം ഇവിടുത്തെ പ്രകൃതിക്ക് കോട്ടമുണ്ടാവാൻ പാടില്ല. അതുകൊണ്ട് തന്നെ, അതീവ ജാഗ്രതയോടെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ടൂറിസം മേഖലയിൽ ലക്ഷദ്വീപിന് വലിയ സാധ്യതകൾ ഉണ്ട്. എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ടൂറിസം മേഖല നിശ്ചലമാണെന്ന് തന്നെ പറയാം. ഇപ്പോൾ ടൂറിസം വ്യാപിപ്പിക്കുമ്പോൾ സർക്കാരിനോടൊപ്പം സ്വകാര്യ സംരംഭകർക്ക് കൂടി അവസരം നൽകുകയാണ്. സർക്കാരിന് സ്വന്തമായി ടൂറിസം പദ്ധതികൾ ഉണ്ടാവും. അതോടൊപ്പം തന്നെ സ്വകാര്യ സംരംഭകർക്ക് കൂടി ഈ മേഖലയിൽ നിക്ഷേപത്തിന് അവസരം ലഭിക്കും. കൂടാതെ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളും ആവിഷ്കരിച്ചു വരികയാണ്. ഈ പദ്ധതികൾ ലക്ഷദ്വീപിന്റെ റവന്യൂ വരുമാനം കുത്തനെ കൂട്ടും. കൂടാതെ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.” -അദ്ദേഹം പറഞ്ഞു.

ഇതിന് മുന്നോടിയായി ലക്ഷദ്വീപിലേക്ക് വരുന്നതിനുള്ള എൻട്രി പെർമിറ്റ് നിയമങ്ങൾ ലഘൂകരിക്കുമെന്ന് നീതി ആയോഗും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ.രാജ്നാഥ് സിങ്ങും നേരത്തേ അറിയിച്ചിരുന്നു. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം വ്യാപിപ്പിക്കുന്നതിന് പ്രകൃതി സൗഹൃദ റിസോർട്ടുകളും സ്ക്യൂബാ ഡൈവിങ്ങ് കേന്ദ്രങ്ങളും നിർമ്മിക്കുന്നതിന് ദ്വീപ് ഭരണകൂടം സ്വകാര്യ സംരംഭകരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിരുന്നു. കവരത്തി ഉൾപ്പെടെ പല ദ്വീപുകളിലും റിസോർട്ടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്തുന്നതിനായി ഓരോ ദ്വീപുകളിലും പ്രത്യേക മാർഗരേഖകൾ നൽകിയിട്ടുണ്ട്. ഇത് പൂർണമായും പാലിച്ചുകൊണ്ടാവണം സഞ്ചാരികളെ സ്വീകരിക്കേണ്ടത്. കൃഷി മുതൽ മീൻപിടുത്തം വരെ ലക്ഷദ്വീപിലെ സമസ്ത മേഖലകളും പുറംലോകത്തിന് തുറന്നിടുന്ന പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കടമം, മിനിക്കോയ്, സുഹലി തുടങ്ങിയ ദ്വീപുകളിലായി സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള മൂന്ന് ടൂറിസം പദ്ധതികളുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. അടുത്ത് തന്നെ ഇത് യാഥാർഥ്യമാവും. സ്വകാര്യ മേഖലയിൽ നിന്നും 300 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ തൊഴിലവസരങ്ങളിൽ ദ്വീപുകാർക്ക് മുന്തിയ പരിഗണന നൽകും. ടൂറിസം വികസനത്തിന്റെ ഭാഗമായി ജെട്ടി, റോഡ്, വിമാന മേഖല, ഇന്റർനെറ്റ് ലഭ്യത എന്നിവയിൽ സമൂലമായ മാറ്റമാണ് സർക്കാർ ഉദ്ധേശിക്കുന്നത്. ലക്ഷദ്വീപിലെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി ചൂര പിടുത്തം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വിനോദ സഞ്ചാര മേഖലയിൽ സ്വകാര്യ സംരംഭകർക്ക് അവസരം നൽകുന്നത് ചില വമ്പന്മാരെ മുന്നിൽ കണ്ടുകൊണ്ടാണ് എന്ന് ഇപ്പോൾ തന്നെ ആക്ഷേപമുയർന്നു കഴിഞ്ഞു. കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധം പുലർത്തുന്ന ചില വമ്പന്മാരുടെ പ്രതിനിധികൾ കവരത്തിയിലും ഡൽഹിയിലുമായി ലക്ഷദ്വീപ് ഭരണകൂടത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരുമായി ഇതിനോടകം പലവട്ടം സ്വകാര്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നതായി പറയപ്പെടുന്നു. അത് ശരിയാണെങ്കിൽ, വമ്പന്മാരുടെ കടന്നുവരവ് സ്വദേശികളായ സംരംഭകരുടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here