അമിനി: ലക്ഷദ്വീപിന്റെ പൊന്മേനിയെന്ന് അറിയപ്പെടുന്ന അമിനിയിൽ നിന്നും ചരിത്ര നേട്ടവുമായി ഒരു കൊച്ചു മിടുക്കി. ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച സബീനാ ഖാലിദ് ഇരുട്ടിനെ തോൽപ്പിച്ചത് തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ്. ജന്മനാ കാഴ്ചയില്ലാത്ത സബീനാ ഖാലിദ് മൂന്ന് വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് നേടി 77% മാർക്കോടെ ചരിത്രപരമായ വിജയമാണ് നേടിയത്. അമിനി ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ സബീനാ ഖാലിദ് പീച്ചണ്ടം ഖാലിദിന്റെയും തട്ടിനക്കൽ സാറോമ്മയുടെയും മകളാണ്.

ജന്മനാ കാഴ്ചയില്ലാത്ത സബീനാ ഖാലിദ് വളരെ പ്രയാസപ്പെട്ടാണ് പത്താം തരം വരെ പഠനം പൂർത്തിയാക്കിയത്. ബ്രൈൽ ലിപി പോലുള്ള മറ്റ് സാങ്കേതിക സഹായങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ അധ്യാപകർ ക്ലാസിൽ പഠിപ്പിക്കുന്ന പാഠ്യഭാഗങ്ങൾ ശ്രദ്ധയോടെ കേട്ടും അവ ഓർത്തെടുത്തുമായിരുന്നു പഠനം. കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ്(കെ.എഫ്.ബി) പുറത്തിറക്കിയ ഓഡിയോ പാഠ്യഭാഗങ്ങളും പഠനത്തിൽ സഹായിച്ചു. സ്കൂൾ അധികൃതർ ഒരുക്കിയ ഒരു സ്ക്രിബിന്റെ സഹായത്താലാണ് പരീക്ഷകൾ എഴുതിയത്.
പഠനത്തിൽ സഹവിദ്യാർഥികളെ കവച്ചുവെക്കുന്ന പ്രകടനമാണ് സബീനാ ഖാലിദ് എപ്പോഴും കാണിച്ചിരുന്നതെന്ന് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. മുൻവർഷങ്ങളിലും നല്ല പഠനനിലവാരം പുലർത്തിയിരുന്നു. അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ട സബീനാ ഖാലിദ് ഇരുട്ടിനെ തോൽപ്പിച്ചത് തന്റെ നിശ്ചയദാർഡ്യത്തിലൂടെയാണ്.

പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും മികച്ച പ്രകടനമാണ് സബീനാ ഖാലിദിന്റേത്. ഭിന്നശേഷിക്കാർക്കായി നടത്തിയ ലക്ഷദ്വീപ് സ്മാർട്ട് ഉത്സവ് 2019-20 കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടതും ഈ കൊച്ചു കലാകാരിയായിരുന്നു.
ബ്രൈൽ ലിപി ഉൾപ്പെടെ പഠനത്തിന് വേണ്ട സാങ്കേതിക സഹായങ്ങൾ പലപ്പോഴായി ആവശ്യപ്പെട്ടിട്ടും ലക്ഷദ്വീപ് സാമൂഹിക ക്ഷേമ വകുപ്പോ, വിദ്യാഭ്യാസ വകുപ്പോ ഒരു സഹായവും നൽകാൻ തയ്യാറായില്ല എന്ന പരിഭവവും ഈ കൊച്ചു കൂട്ടുകാരിയും കുടുംബവും പങ്കുവെക്കുന്നു. അതിനായി വകുപ്പ് തലത്തിൽ പ്രത്യേക ഫണ്ട് ഇല്ല എന്ന സാങ്കേതികത്വം പറഞ്ഞാണ് വളരെ പ്രയാസപ്പെട്ട് പഠനം നടത്തുന്ന ഈ കൊച്ചുമിടുക്കിയുടെ ആവശ്യം ഭരണകൂടം നിരസിച്ചത്. ഇത്തരം വിദ്യാർഥികളെ പരിപോഷിപ്പിക്കാൻ ആവശ്യമായ പ്രത്യേക ട്രൈനിങ്ങ് നേടിയ അധ്യാപകരോ സ്പെഷ്യൽ സ്കൂളുകളോ നമ്മുടെ ദ്വീപുകളിൽ ഇല്ലാത്തതും പഠനത്തിൽ വെല്ലുവിളിയായി. സബീനയുടെ ജ്യേഷ്ഠ സഹോദരൻ ജമാലുദ്ദീനും ജന്മനാ കാഴ്ചയില്ലാത്തയാളാണ്. കോഴിക്കോട് കുളത്തറ വികലാംഗ വിദ്യാലയത്തിൽ നിന്നും മികച്ച മാർക്കോടെ എസ്.എസ്.എൽ.സി പാസ്സായ ജമാൽ പ്ലസ് ടൂ പരീക്ഷയിലും ഉന്നത മാർക്ക് നേടി ചരിത്രം സൃഷ്ടിച്ചു. എസ്.എസ്.എൽ.സിയും പ്ലസ്ടൂ പരീക്ഷയും വിജയിക്കുന്ന ലക്ഷദ്വീപിലെ ആദ്യ അന്ധ വിദ്യാർഥിയാണ് ജമാൽ. ജമിലിന് ശേഷം എസ്.എസ്.എൽ.സി പരീക്ഷ വിജയിക്കുന്ന ആദ്യ അന്ധ വിദ്യാർഥിയും ലക്ഷദ്വീപിലെ സ്കൂളിൽ പഠനം പൂർത്തിയാക്കുന്ന ആദ്യ അന്ധ വിദ്യാർഥിനിയുമാണ് സബീനാ ഖാലിദ്.

അമിനി ശഹീദ് ജവാൻ മുത്തുകോയ മെമ്മോറിയൽ ഗവൺമെന്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ തന്നെ ഹുമാനിറ്റീസിൽ തുടർപഠനം നടത്തണമെന്നാണ് സബീനയുടെ ആഗ്രഹം. തന്നെപ്പോലുള്ള വിദ്യാർഥികൾക്ക് വേണ്ട സാങ്കേതിക സഹായം നൽകി ഇവിടെ തന്നെ പഠനം നടത്തുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നാണ് സബീനയ്ക്ക് ലക്ഷദ്വീപ് ഭരണകൂടത്തോട് പറയാനുള്ളത്. ഓൺലൈൻ ക്ലാസുകൾ സജീവമാവുന്ന പുതിയ സാഹചര്യത്തിൽ തന്നെപ്പോലുള്ള വിദ്യാർഥികളെ വീടുകളിൽ എത്തി പഠനത്തിൽ സഹായിക്കാൻ വേണ്ട നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഈ കൊച്ചുമിടുക്കി ആവശ്യപ്പെടുന്നു. കൂട്ടത്തിൽ കണ്ണില്ലാത്ത തന്റെ കൈപിടിച്ച എല്ലാ കൂട്ടുകാർക്കും അധ്യാപകർക്കും സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സബീനാ ഖാലിദ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല് സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക
ഉപ്പ ഖാലിദ് ഒരു മാത്യകാ രക്ഷിതാവാണ്.
ഇത് വലിയൊരു വിഷയമാണ്.ദ്വീപ് സമൂഹത്തെ ധാർമികതയിലേക് തിരിച്ചു കൊണ്ടു വരാൻ ഈ സംഭവം കാരണമാകണം
സഹോദരൻ ജമാലിനെ കൊളത്തറയിൽ പഠിപ്പിക്കാൻ സൗകര്യം ചെയ്തത് മലബാർ ദ്വീപ് വെൽഫെയർ സെന്റർ ആണ്. കോഴിക്കോട്ട് ദ്വീപു വിദ്യാർത്ഥികളെ സഹായിക്കാൻ ഒരു Assistance Counter തുറന്ന വിവരം ഒരു നോട്ടീസിലൂടെ ഞങ്ങൾ ദനാട്ടുകാരെ അറിയിച്ചിരുന്നു.അത് കണ്ടിട്ട് ഖാലിദ് എന്നെ ബന്ധപ്പെട്ടു.അങ്ങനെ ജമാൽ വിദ്യാഭ്യാസം നേടി. ഇന്ന് ഒരു സർകാർ ഉദ്യോഗസ്ഥനാണ്.അന്നും നമ്മുടെ വിദ്യാഭ്യാസ വകുപ്പ് മുഖം തിരിച്ച നയമാണ് സ്വീകരിച്ചത്.ഇപ്പോൾ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ശ്രദ്ധയിൽ ഈ വിഷയം കൊണ്ടു വന്നിട്ടുണ്ട്.വേണ്ട എല്ലാ സഹായങ്ങളും ഭരണകൂടം ഉറപ്പ് വരുത്തും