ആന്ത്രോത്ത്: ലക്ഷദ്വീപ് കായിക മേഖലയിലെ ഏറ്റവും വലിയ സംഗമമായ ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് ലക്ഷദ്വീപിന്റെ കായിക തലസ്ഥാനമായ ആന്ത്രോത്ത് ദ്വീപിൽ വർണ്ണാഭമായ തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ആന്ത്രോത്ത് ദ്വീപ് കായിക മാമാങ്കത്തിന് ആതിഥ്യമരുളുമ്പോൾ തുടർച്ചയാത പതിനാറാമത് തവണയും കിരീടത്തിൽ മുത്തമിടാൻ ആന്ത്രോത്ത് ദ്വീപിലെ കായിക താരങ്ങൾ സർവ്വ സന്നാഹങ്ങളുമായി തയ്യാറായിക്കഴിഞ്ഞു. ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.മിഹിർ വർധൻ ഐ.എ.എസ് 29-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് (എൽ.എസ്.ജി) ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മലയാളത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തി ലക്ഷദ്വീപിലെ കായിക താരങ്ങളെ ഞെട്ടിച്ച അദ്ദേഹം, എൽ.എസ്.ജിയിൽ വിജയിക്കുന്ന കായിക താരങ്ങൾക്ക് ദേശീയ കായിക മേളകളിൽ പങ്കെടുക്കുന്നതിന് ഈ വർഷം മുതൽ അവസരം ഉണ്ടാവുമെന്ന് അറിയിച്ചു. ദേശീയ മീറ്റുകളിൽ പങ്കെടുത്ത് വിജയിക്കുന്നവർക്ക് പ്രത്യേക സ്കോളർഷിപ്പ് നൽകുവാൻ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ലക്ഷദ്വീപ് എം.പി ശ്രീ.മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലക്ഷദ്വീപ് യുവജന-കായിക വകുപ്പ് സെക്രട്ടറി ശ്രീ.ശിവ്കുമാർ ഐ.എ.എസ് മുഖ്യ പ്രഭാഷണം നടത്തി.
വേദിയിൽ എത്തിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആന്ത്രോത്ത് സ്കൂൾ കോംപ്ളക്സ് പ്രതിനിധികളും വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രതിനിധികളും എസ്.എം.സി ഭാരവാഹികളും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. എൽ.എസ്.ജി യുടെ ഈ വർഷത്തെ ലോഗോ ഡിസൈൻ ചെയ്ത ശ്രീ.കെ.സലീമിനെ ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.എ.പി ആറ്റക്കോയ ആദരിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന കായിക അധ്യാപകരായ ശ്രീ.പി.പി സീതി ഹാജി, ശ്രീ.കെ.കെ.ഹുസൈൻ, സ്പോർട്സ് ബോയ്മാരായ ശ്രീ.കെ.ഖാദർ കോയ, ശ്രീ. എ.തങ്ങകോയ എന്നിവരെയും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ ബൊഡുമുക്കഗോത്തി, മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ എസ്.എം.സി ചെയർമാൻ ശ്രീ.യു.കെ.മുഹമ്മദ് ഖാസിം, ആന്ത്രോത്ത് വില്ലേജ് ദ്വീപ് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി.തസ്ലീന ബീഗം എം.പി, ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.എ.പി ആറ്റക്കോയ എന്നിവർ സംസാരിച്ചു. കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ ശ്രീ.എസ്.അസ്കറലി ഐ.എ.എസ് സ്വാഗതവും ആന്ത്രോത്ത് മഹാത്മാ ഗാന്ധി സീനിയർ സെക്കണ്ടറി സ്കൂൾ കോംപ്ളക്സ് പ്രിൻസിപ്പാളും എൽ.എസ്.ജി ചെയർമാനുമായ ശ്രീ.ഇ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
ആന്ത്രോത്ത് സ്കൂൾ കോംപ്ളക്സ് വിദ്യാർഥികൾ അവതരിപ്പിച്ച ഭാരതീയം മാസ്സ് ഡിസ്പ്ലേ ഏറെ ശ്രദ്ധേയമായി. ഡിസ്പ്ലേയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ നിർദേശിച്ചതായി കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് അറിയിച്ചു. ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിന് മുമ്പ് ഇന്നലെ രാത്രി മുതൽ വിവിധ കായിക ഇനങ്ങൾക്ക് തുടക്കമായി. പത്ത് ദിവസം നീണ്ടു നിൽക്കുന്ന കായിക മാമാങ്കം ഈ മാസം പത്തിന് കൊടിയിറങ്ങും. ആന്ത്രോത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് ഈ വർഷത്തെ കിരീടവുമായി സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന പ്രതിജ്ഞയുമായാണ് ഓരോ ടീമുകളും എത്തിയിരിക്കുന്നത്. ആന്ത്രോത്ത് ദ്വീപ് ചരിത്രം ആവർത്തിക്കുമോ? സ്വന്തം നാട്ടിൽ നിന്ന് ചാമ്പ്യൻഷിപ്പ് നഷ്ടമാവുമോ? കാത്തിരിക്കാം…പത്താം തിയതിയുടെ അസ്തമയം വരെ…
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക