ചേത്ത്ലാത്ത്: 28-ആമത് ലക്ഷദ്വീപ് സ്കൂൾ കായിക മേളക്ക് കരവിരുതുകളുടെ നാടായ ചേത്ത്ലാത്ത് ദ്വീപിൽ വർണ്ണാഭമായ തുടക്കം. കായിക മേള ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉദ്ഘാടനം ചെയ്തു.
പത്തു ദ്വീപുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർഥികളാണ് കായിക മേളയിൽ പങ്കെടുക്കാനായി ചേത്ത്ലാത്ത് ദ്വീപിൽ എത്തിയത്.

ലക്ഷദ്വീപിലെ കായിക മേഖലക്ക് ഊർജ്ജം പകർന്നു കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ചരിത്രപരമായ പ്രഖ്യാപനം നടത്തി. ദേശീയ മീറ്റുകളിൽ ലക്ഷദ്വീപിനായി സ്വർണ്ണം, വെള്ളി, വെങ്കലം മെഡലുകൾ നേടുന്ന സ്കൂൾ വിദ്യാർഥികൾക്ക് അവരുടെ പഠനം പൂർത്തിയാകുന്ന മുറക്ക് ഇന്റെർവ്യൂ കൂടാതെ തന്നെ സർക്കാർ തലത്തിൽ നിയമനം നൽകുമെന്ന സുപ്രധാനമായ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. നിലവിൽ സർക്കാർ തലത്തിലുള്ള നിയമനങ്ങൾക്ക് കായിക നേട്ടങ്ങൾ ഒന്നും തന്നെ പരിഗണിക്കാറില്ല. അതുകൊണ്ട് തന്നെ പുതിയ പ്രഖ്യാപനം ലക്ഷദ്വീപിലെ കായിക മേഖലക്ക് പുതിയ ഉൻമേഷവും ഊർജ്ജവും നൽകും.
അണ്ടർ 14, അണ്ടർ 17, അണ്ടർ 19 എന്നീ വിഭാഗങ്ങളിലായി അത്ലറ്റിക്സ്, ഗെയിംസ്, സ്വിമ്മിംഗ് മത്സരങ്ങളിലായി പത്ത് ദ്വീപുകളിൽ നിന്നായി എത്തിയ വിദ്യാർഥികൾ മാറ്റുരക്കുന്ന കായികമേള ഈ മാസം പത്തിന് സമാപിക്കും. പതിനാല് വർഷമായി തുർച്ചയായി കിരീടം ഏറ്റുവാങ്ങുന്ന ആന്ത്രോത്ത് ദ്വീപ് ഈ കായിക മേളയിലും അവരുടെ ആധിപത്യം നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ലക്ഷദ്വീപ് എം.പി ശ്രീ.പി.പി.മുഹമ്മദ് ഫൈസൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹസൻ ബഡുമുക്കാഗോത്തി, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ശ്രീ.എ.ഹംസ, ചേത്ത്ലാത്ത് വി.ഡി.പി വൈസ് ചെയർപേഴ്സൺ ശ്രീ. അലി അക്ബർ, മറ്റ് ഡി.പി-വി.ഡി.പി മെമ്പർമാർ, രാഷ്ട്രീയ-സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക