കൊച്ചി: ലക്ഷദ്വീപിലെ മത്സ്യബന്ധന മേഖല വികസിപ്പിക്കാൻ ഒരുങ്ങി ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ്. ആഴമേറിയ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്നതിന് പ്രാപ്തമായ പത്ത് ബോട്ടുകൾ രൂപകൽപന ചെയ്യുന്നതിന് കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സിഫ്റ്റുമായി കരാറായി. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ.പി.പി.കോയ, സിഫ്റ്റ് ഡയറക്ടർ ഇൻ ചാർജ് ഡോ.സുശീല മാത്യു എന്നിവർ ധാരണാ പത്രം ഒപ്പുവെച്ചു. പ്രസ്തുത മത്സ്യബന്ധന ബോട്ടുകൾ നിർമിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ അനുമതി നൽകിയതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. ഉയർന്ന നിലവാരത്തിലുള്ള ‘സഷിമി’ ചൂരകൾ പിടിക്കുന്നതിന് വേണ്ടി പ്രത്യേകമായ സൗകര്യങ്ങൾ ഒരുക്കിയുള്ള ബോട്ടുകൾ രൂപകൽപന ചെയ്യാനാണ് ഫിഷറീസ് വകുപ്പ് നിർദേശിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും കപ്പൽ നിർമ്മാണ നിയമങ്ങളും പാലിച്ചുകൊണ്ടാവും ബോട്ടുകൾ നിർമിക്കുക. ചൂരയുടെ ലഭ്യത കൊണ്ട് ലക്ഷദ്വീപ് കടലുകൾ സമ്പന്നമാണ്. ഇത് മുതലെടുത്ത് കൊണ്ട് ലക്ഷദ്വീപിൽ ചൂര പിടുത്തം പ്രോത്സാഹിപ്പിക്കാനും മത്സ്യബന്ധന തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ആലോചിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ ലക്ഷദ്വീപ് ചൂരയുടെ ലഭ്യത ഉറപ്പു വരുത്താൻ കൊച്ചിയിലെ സി.എം.എസ്.ആർ.ഐ ആസ്ഥാനത്ത് ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് പ്രതിനിധികൾ മറ്റോരു യോഗം കൂടി സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ വന്യജീവികളുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ട്(ഡബ്ല്യു.ഡബ്ല്യു.എഫ്), സി.എം.എഫ്.ആർ.ഐ, ഇന്റർനാഷണൽ പോൾ ആന്റ് ലൈൻ ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ലക്ഷദ്വീപ് ഫിഷറീസ് വകുപ്പുമായി സഹകരിക്കും. ഫിഷറീസ് ഇംപ്രൂവ്മെന്റ് പ്രൊജക്ട് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ നടത്തിപ്പ് ടീം ആണ് സി.എം.എഫ്.ആർ.ഐയിൽ യോഗം ചേർന്നത്. ചൂര പിടിക്കാൻ ഉപയോഗിക്കുന്ന ഇരയുടെ (ചാള) സംരക്ഷണം, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് അനുയോജ്യമായ രീതിയിൽ ഗുണനിലവാരമുള്ള ചൂരയുടെ ലഭ്യത വർധിപ്പിക്കുക, മാർക്ക് ലിങ്കേജ് തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിന്റെ ഗവേഷണ വിഭാഗമായ റീഫ് ഡിവിഷനായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. ലക്ഷദ്വീപ് ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ.പി.പി.കോയയോടൊപ്പം ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനായ ജാഫർ ഹിഷാമും യോഗത്തിൽ പങ്കെടുത്തു. www.dweepmalayali.com
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക