കവരത്തി: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് കൽപ്പേനി ദ്വീപിൽ നിന്നും സ്വകാര്യ മത്സ്യബന്ധന ബോട്ടിൽ സ്വദേശമായ ആന്ത്രോത്ത് ദ്വീപിലേക്ക് യാത്ര ചെയ്ത കൽപ്പേനി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ.പി മുഹമ്മദ് അബ്ദുൽ നാസറിന് കാരണം കാണിക്കൽ നോട്ടീസ്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് 65 ദിവസത്തെ അവധി നൽകണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇദ്ദേഹം ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. എന്നാൽ, മാർച്ച് മാസം 10 മുതൽ 45 ദിവസത്തെ അവധി ആഭ്യന്തര വകുപ്പ് അനുവദിച്ചു. മാർച്ച് 10 മുതൽ തന്നെ ഇദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തു. കൊവിഡുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിൽ പൂർണ്ണ നിരോധനാജ്ഞ പുറപ്പെടിക്കുന്നതിന് മുന്നോടിയായി ജോലിയിൽ തിരിച്ചു പ്രവേശിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് മാർച്ച് 24-ന് പോലീസ് സൂപ്രണ്ട് ഇദ്ദേഹത്തിന് ഓർഡർ മുഖേന നിർദേശം നൽകുകയും 25-ന് തന്നെ കൽപ്പേനി പോലീസ് സ്റ്റേഷനിൽ എത്തി ഇദ്ദേഹം ചാർജ് ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും രാജ്യമാകെ കർഫ്യൂ നിലവിൽ വരികയും ചെയ്തതിന് ശേഷമാണ് ഒരു മുന്നറിയിപ്പുമില്ലാതെ സ്വകാര്യ മത്സ്യബന്ധന ബോട്ടിൽ ഇദ്ദേഹം ആന്ത്രോത്ത് ദ്വീപിൽ എത്തിതയ്. രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആഭ്യന്തര വകുപ്പിൽ നിന്നും ഒരു മുൻകൂർ അനുമതിയും ഇല്ലാതെ സ്റ്റേഷൻ പരിധി വിട്ടു പോയ നടപടി ഔദ്യോഗിക ഉത്തരവാദിത്വത്തോടുള്ള ജാഗ്രതക്കുറവും തന്റെ ഔദ്യോഗിക ജോലിയോടുള്ള താത്പര്യക്കുറവുമാണ് കാണിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഈ നടപടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എന്ന നിലക്ക് ശ്രീ.നാസിർ നടത്തിയ ഗുരുതരമായ കൃത്യവിലോപവും വീഴ്ചയുമാണെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.


പതിനഞ്ച് ദിവസത്തിനകം ആഭ്യന്തര വകുപ്പിന് മുൻപാകെ വ്യക്തമായ കാരണം ബോധിപ്പിക്കാൻ സാധിക്കാത്ത പക്ഷം ശക്തമായ അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന് ശ്രീ.മുഹമ്മദ് അബ്ദുൽ നാസറിന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക