കവരത്തി: കൊവിഡ് മുൻകരുതലുകളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലായി നിരീക്ഷണത്തിൽ കഴിയുന്നത് ആകെ 3461 പേർ. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ കഴിയുന്നത് ആന്ത്രോത്ത് ദ്വീപിലാണ്, 727 പേർ. കുറവ് ബിത്ര ദ്വീപിൽ, 10 പേരാണ് ഇവിടെ നിരീക്ഷണത്തിൽ ഉള്ളത്. മറ്റു ദ്വീപുകളിലെ കണക്ക് ഇങ്ങനെയാണ്. കവരത്തി: 466 പേർ, മിനിക്കോയ്: 595 പേർ, കിൽത്താൻ: 283 പേർ, കൽപ്പേനി: 176 പേർ, ചേത്ത്ലാത്ത്: 152 പേർ, അമിനി: 432 പേർ, കടമത്ത്: 200 പേർ, അഗത്തി: 425 പേർ.

എല്ലാ ദ്വീപുകളിലും ഓരോ ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ടെന്ന് പറയുമ്പോൾ തന്നെ ബിത്ര ദ്വീപിൽ നിലവിൽ ഒരൊറ്റ ഐസൊലേഷൻ കിടക്ക പോലും ഇല്ല എന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കവരത്തി, കൽപ്പേനി, കിൽത്താൻ, ചെത്ത്ലാത്ത് എന്നീ ദ്വീപുകളിൽ അഞ്ച് വീതം ഐസൊലേഷൻ കിടക്കകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ കഴിയുന്ന ആന്ത്രോത്ത് ദ്വീപിൽ ആകെ നാല് ഐസൊലേഷൻ കിടക്കകളാണ് ഉള്ളത്. അഗത്തി, മിനിക്കോയ്, അമിനി കടമത്ത് ദ്വീപുകളിൽ മൂന്ന് വീതം ഐസൊലേഷൻ കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി 631 വ്യക്തികത സുരക്ഷാ ഉപകരണങ്ങൾ(പി.പി.ഇ) എത്തിച്ചതാതി ആരോഗ്യ വകുപ്പ് പറയുന്നു. മരുന്നുകളുടെ സ്റ്റോക്ക് ആവശ്യത്തിന് ഉണ്ട് എന്ന് പറയുമ്പോൾ തന്നെ ആകെ ലക്ഷദ്വീപിലെ ആശുപത്രികളിലെ കിടക്കകൾ 280 എണ്ണമാണെന്ന് ആരോഗ്യ വകുപ്പ് രേഖാമൂലം അറിയിക്കുന്നു. അടിയന്തിര സാഹചര്യം ഉണ്ടായാൽ ഇത് ഒട്ടും പര്യാപ്തമാവില്ല എന്ന് ഉറപ്പാണ്. രണ്ട് വിഭാഗങ്ങളിലായുള്ള 4850 ഫൈസ് മാസ്കുകൾ ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് എത്തിച്ചിട്ടുണ്ട്. ആകെ 500 ആരോഗ്യ പ്രവർത്തകരും പത്ത് വെന്റിലേറ്ററുകളുമാണ് നിലവിൽ ലക്ഷദ്വീപ് ആരോഗ്യ വകുപ്പിന് കീഴിൽ ഉള്ളത്. ആകെ 1040 ഹാന്റ് സാനിറ്റൈസറുകൾ വാങ്ങി എന്ന് പറയുമ്പോഴും കവരത്തിയിലെ മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓഫീസുകൾക്ക് പോലും സാനിറ്റൈസറുകൾ ലഭിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കോവിഡ് ലക്ഷണങ്ങളോടെ ഒറ്റ രോഗി പോലും ഇതുവരെ ഒരു ദ്വീപിലെയും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടില്ല എന്നത് ഏറെ ആശ്വാസമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഒരാളുടെയും സാമ്പിളുകൾ ഇതുവരെ ശേഖരിക്കുകയോ പരീക്ഷണത്തിന് അയക്കുകയോ ചെയ്തിട്ടില്ല. അടിയന്തിര സാഹചര്യം മുന്നിൽ കണ്ടു കൊണ്ട് അഞ്ച് പുതിയ വെന്റിലേറ്ററുകൾ അടിയന്തിരമായി എത്തിക്കുന്നതിന് ആരോഗ്യ വകുപ്പ് ശ്രമം നടത്തി വരികയാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക