കൊച്ചി: ലക്ഷദ്വീപിലേക്ക് സർവ്വീസ് നടത്തുന്ന കപ്പലുകളുടെ ഈ മാസത്തെ പ്രോഗ്രാം വിചിത്രമാണ്. കപ്പലുകൾ കൂടുതൽ ദിവസവും കൊച്ചിയിലെയോ, ബേപ്പൂരിലെയോ, മംഗലാപുരത്തെയോ പോർട്ടുകളിലായിരിക്കും. മാസത്തിൽ വെറും ഒൻപത് ദിവസം മാത്രം സർവ്വീസ് നടത്തുന്ന കപ്പലുകളും ഉണ്ട്. വേനലവധിക്ക് ചികിത്സക്കും മറ്റുമായി വൻകരയിൽ എത്തിയ യാത്രക്കാർ നാട്ടിലെത്താൻ കപ്പലില്ലാതെ കുടുങ്ങിക്കിടക്കുന്ന ഈ സമയത്ത് കപ്പലുകൾക്ക് വിശ്രമം അനുവദിച്ചതിനെതിരെ വ്യാപകമായി ആക്ഷേപങ്ങൾ ഉയർന്നു കഴിഞ്ഞു. തകരാറുകൾ മൂലം എം.വി കവരത്തി കപ്പലിന്റെ സർവ്വീസുകൾ റദ്ദാക്കുകയും കൂടി ചെയ്തതോടെ യാത്രക്കാർ ടിക്കറ്റ് ലഭിക്കാതെ വലയുകയാണ്. കൊച്ചിയിലെയും ബേപ്പൂരിലെയും ടിക്കറ്റ് കൗണ്ടറുകൾക്ക് മുന്നിൽ രാത്രിയും പകലും യാത്രക്കാരുടെ നീണ്ട ക്യൂവാണ്.

നിലവിൽ ഏഴു യാത്രാ കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സർവ്വീസ് നടത്തുന്നത്. മെയ് മാസം ഈ കപ്പലുകൾക്കായി പോർട്ട് ഡിപ്പാർട്ട്മെന്റ് നൽകിയിരിക്കുന്ന പ്രോഗ്രാം അനുസരിച്ച് ഓരോ കപ്പലും സർവ്വീസ് നടത്തുന്ന ദിവസങ്ങളുടെയും, പോർട്ടിൽ കെട്ടിയിടുന്ന ദിവസങ്ങളുടെയും വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
1. എം.വി.മിനിക്കോയ്:
ഓടുന്നത് – 16 ദിവസം.
കെട്ടിയിടുന്നത് – 15 ദിവസം.
2. എം.വി.അമിൻദിവി:
ഓടുന്നത് – 16 ദിവസം.
കെട്ടിയിടുന്നത് – 15 ദിവസം.
3. എം.വി.ലക്ഷദ്വീപ് സീ:
തിരെ ഓടുന്നില്ല.
കെട്ടിയിടുന്നത് – 31 ദിവസം.
4. എം.വി.അറേബ്യൻ സീ:
ഓടുന്നത് – 11 ദിവസം.
കെട്ടിയിടുന്നത് – 20 ദിവസം.
5. എം.വി.കോറൽസ്:
ഓടുന്നത് – 9 ദിവസം.
കെട്ടിയിടുന്നത് – 22 ദിവസം.
6. എം.വി.ലഗൂൺസ്:
ഓടുന്നത് – 15 ദിവസം.
കെട്ടിയിടുന്നത് – 16 ദിവസം.
7.എം.വി.കവരത്തി:
തകരാറുകൾ മൂലം അറ്റകുറ്റപ്പണി നടക്കുന്നു. എന്ന് മുതൽ സർവ്വീസ് പുനരാരംഭിക്കാനാവും എന്ന് അധികൃതർക്ക് പോലും ധാരണയില്ല.

ഓരോ കപ്പലിനും 31 ദിവസം വീതം സർവ്വീസ് കണക്കാക്കിയാൽ ഏഴു കപ്പലുകൾക്ക് കൂടി 217 ദിവസം സർവ്വീസ് ലഭിക്കണം. എന്നാൽ ഇവിടെ എല്ലാ കപ്പലുകളും ചേർന്ന് സർവ്വീസ് നടത്തുന്നത് വെറും 67 ദിവസമാണ്. 217-ൽ 150-ഓളം ദിവസം കപ്പലുകൾ വൻകരയിലെ പോർട്ടുകളിൽ സുഖവാസത്തിലാണ്. അടിയന്തിര ഘട്ടങ്ങളിൽ ഏതെങ്കിലും കപ്പലുകൾ പണിമുടക്കിയാൽ അതിനു പകരമായി ഓടിക്കാൻ ഒരു കപ്പൽ റിസർവ് ചെയ്യേണ്ടത് അത്യാവശ്യം തന്നെയാണ്. എന്നാൽ കപ്പലുകൾക്ക് ഇത്രയധികം വിശ്രമം അനുവദിച്ചത് കൊണ്ട് യാത്രാ പ്രശ്നങ്ങൾ രൂക്ഷമാവുകയാണ്. നിലവിൽ രണ്ട് കപ്പലുകൾ റിസർവിൽ ഉണ്ടായിട്ടും ഇത്രയും ദിവസമായിട്ടും എം.വി.കവരത്തി കപ്പലിന്റെ പ്രോഗ്രാമിന് പകരമെന്നോണം ഒരു കപ്പലും സർവ്വീസ് നടത്തുന്നില്ല. റിസർവിൽ ഉള്ള കപ്പലുകൾക്ക് കൊച്ചിയിൽ സുഖവാസം അനുവദിച്ചിരിക്കുകയാണ്.

യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാതെ പോകുന്നത് ശാസ്ത്രീയമായ രീതിയിൽ കപ്പൽ പ്രോഗ്രാം ഇല്ലാത്തതിനാലാണ്. 1500 മുതൽ 3500 വരെയുള്ള ലക്ഷദ്വീപിലെ ശരാശരി യാത്രക്കാരെ യഥാസമയം അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ നിലവിലുള്ള കപ്പലുകൾക്ക് കഴിയും. പക്ഷെ, മെയ് മാസത്തിലെ പ്രോഗ്രാം പോലെ അശാസ്ത്രീയമായ പ്രോഗ്രാം ചാർട്ടിങ്ങ് മാറണം. അതിന് കപ്പൽ ഗതാഗതത്തെ കുറിച്ച് ശാസ്ത്രീയമായി വിദ്യാഭ്യാസം ലഭിച്ച ആളുകളെ പോർട്ട് ഡിപ്പാർട്ട്മെന്റിലും കപ്പൽ പ്രോഗ്രാം കമ്മിറ്റിയിലും നിയമിക്കണം. നിലവിൽ പ്രോഗ്രാം ചാർട്ട് ചെയ്യുന്നത് ഈ മേഖലയിൽ അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണ്. കവരത്തിലെ ഗതാഗത വകുപ്പ് ആസ്ഥാനത്തും പ്രോഗ്രാം ചാർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥ തലങ്ങളിലും പൂർണമായി അഴിച്ചുപണി നടത്തി യോഗ്യതയുള്ളവരെ നിയമിക്കുന്നതിലൂടെ മാത്രമേ ടിക്കറ്റ് പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുകയുള്ളൂ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക