ബദ്ർ: അധർമ്മത്തിനെതിരെ നിറഞ്ഞാടിയ ധർമ്മ വിപ്ലവം.

0
2110

 

ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലായ ബദ്ർ യുദ്ധത്തിന്റെ വാർഷികമാണ് പരിശുദ്ധ റമളാൻ. ഹിജ്റയുടെ രണ്ടാം വർഷം റമളാൻ 17-നായിരുന്നു മഹോജ്ജ്വലമായ ആ പോരാട്ടം. അസത്യത്തിനും അധർമ്മത്തിനുമെതിരെ സത്യത്തിന്റെയും ധർമ്മത്തിന്റെയും വിജയം.

ബദ്ർ യുദ്ധ സ്മരണ ലോക മുസ്ലിമിന് അഭിമാനവും സന്തോഷവും നൽകുന്നു. അവരുടെ വിശ്വാസത്തിന് മാറ്റ് കൂട്ടുന്നു. ബദ്ർ യുദ്ധം അനിവാര്യമായ ഘട്ടത്തിൽ പ്രവാചകർ(സ.അ) തങ്ങൾ അക്രമികളോട് നടത്തിയ പ്രതിരോധമാണ്. ഒരിക്കലും അത് ഇസ്ലാമിക തീവ്രവാദ-ഭീകരവാദ മുഖമല്ല. പിറന്നുവീണ മണ്ണും സ്വന്തമെന്ന് പറയാനുള്ളത് മുഴുവനും ത്യജിച്ച് പലായനം ചെയ്യേണ്ടി വന്ന ഒരു സമുദായം അവരുടെ നിലനിൽപ്പിനായി നടത്തിയ പോരാട്ടമാണ് ബദ്ർ.

അജഞ്ചലമായ വിശ്വാസമായിരുന്നു അവരുടെ ആയുധം. സർവ്വായുധ വിഭൂഷിതരായ ആയിരങ്ങൾ അടങ്ങുന്ന ശത്രുപക്ഷത്തെ വെറും 313 വരുന്ന ധർമ്മ സഖാക്കൾ നിലംപരിശാക്കി.

ഇസ്ലാം സമാധാനത്തിന്റെ മതമാണ്. യുദ്ധം ഇസ്ലാമിക അജണ്ടയല്ല. മറിച്ച് ചില പ്രത്യേക ഘട്ടങ്ങളിൽ യുദ്ധത്തിന് നിർബന്ധിതരാവുകയായിരുന്നു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി വീടും കുടുംബവും മക്കയിൽ ഉപേക്ഷിച്ച് പലായനം ചെയ്ത മുസ്ലിംകളുടെ വീടുകളും സ്വത്തുക്കളുമെല്ലാം കൊള്ളയടിക്കുക. കൊള്ള ധനം ചന്തയിൽ വിറ്റു പണമാക്കുക. ആ പണം മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യുന്നതിനായുള്ള യുദ്ധ ഫണ്ടിലേക്ക് സമാഹരിക്കുക. ഇതാണ് ശത്രുപക്ഷത്തിന്റെ തീരുമാനം. കൊള്ള മുതലുമായി അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള സംഘം ശാമിലേക്ക് യാത്ര തിരിച്ചു എന്ന വാർത്ത പ്രവാചകർ(സ.അ) അറിയുന്നു. അവരുടെ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കൽ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ പ്രവാചകരും അനുയായികളും അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര തടയുന്നതിന് വേണ്ടി പുറപ്പെടുന്നു. മുസ്ലിംകൾ തങ്ങളെ തടയാൻ വരുന്നു എന്ന വാർത്തയറിഞ്ഞ ശത്രുപക്ഷം തന്ത്രപരമായി രക്ഷപ്പെട്ട് മക്കയിൽ എത്തുന്നു. മക്കയിൽ എത്തിയ അവർ സർവ്വായുധ സജ്ജരായി മുസ്ലിംകൾക്ക് നേരെ യുദ്ധത്തിന് പുറപ്പെടുന്നു. ‘ബദ്ർ’ എന്ന സ്ഥലത്ത് എത്തിയപ്പോൾ ശത്രുപക്ഷത്തെ ഏതാനും ചാരന്മാരെ അലി (റ.അ) പിടികൂടി പ്രവാചകരുടെ തിരുമുന്നിൽ എത്തിച്ചു. അനിവാര്യമായ ആ ഘട്ടത്തിൽ മുസ്ലിംകൾ അവിടെ വെച്ച് യുദ്ധത്തിന് നിർബന്ധിതരാവുകയായിരുന്നു. യുദ്ധത്തിൽ മുസ്ലിം പക്ഷം ചരിത്രപരമായ വിജയം നേടി. ശത്രുപക്ഷത്തെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ 70-ഓളം പേർ കൊല്ലപ്പെട്ടു. അതിലും കൂടുതൽ പേർ തടവിലാക്കപ്പെട്ടു. 14 സ്വഹാബികൾ (റ.അ) രക്തസാക്ഷികളായി.

റമളാൻ 17 ബദ്ർ ദിനമായി ലോക മുസ്ലിംകൾ കൊണ്ടാടുന്നു. ആ ധർമ്മ സഖാക്കളെ പ്രകീർത്തിക്കുന്നു. അവരുടെ പേരിൽ ഭക്ഷണ വിതരണം നടത്തുന്നു.

ഈ ബദ്ർ ദിനത്തിൽ ആ മഹാന്മാരായ രക്തസാക്ഷികളെ പ്രാർത്ഥനാപൂർവ്വം സ്മരിക്കുന്നു.

കടപ്പാട്: മഅ്ദിനുൽ ഇർഫാൻ റമളാൻ ഉപഹാരം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here