ന്യൂഡൽഹി: പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ തടയുന്ന നിയമഭേദഗതി ബില്ല് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ബില്ലിന് കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
ലോക്സഭ ഇന്ന് ചേർന്ന ഉടൻ തന്നെ നിയമത്തിൽ വെള്ളം ചേർക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും തൃണമൂൽ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി. ടിഡിപി എംപിമാരും ഇതോടൊപ്പം നടുത്തളത്തിലേക്കിറങ്ങി. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും എതിരേ മുദ്രാവാക്യം വിളി രൂക്ഷയമായപ്പോൾ വിഷയം ശൂന്യവേളയിൽ ഉന്നയിക്കാൻ അവസരം നൽകാമെന്ന് സ്പീക്കർ സുമിത്ര മഹാജൻ ഉറപ്പു നൽകി.
ശൂന്യവേളയുടെ ആരംഭത്തിൽ തന്നെ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ വിഷയം ഉന്നയിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതി ഉത്തരവിലെ നിർദേശങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല. ഈ വിഷയത്തിൽ എന്തുകൊണ്ടാണ് ഓർഡിനൻസ് ഇറക്കാതിരുന്നതെന്നും മല്ലികാർജുൻ ഖാർഗെ ചോദിച്ചു.
എന്തുകൊണ്ടാണ് പ്രതിപക്ഷം ഈ വിഷയത്തിൽ ബഹളം ഉണ്ടാക്കുന്നതെന്നു മനസിലാകുന്നില്ലെന്നായിരുന്നു രാജ്നാഥ് സിംഗിന്റെ മറുപടി. നിയമത്തിൽ വെള്ളം ചേർക്കില്ലെന്നും ബില്ല് കൊണ്ടു വരുമെന്നും പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക