ഡോ.കോയയുടെ പേരും പ്രശസ്തിയും ചിത്രവും ഉപയോഗിക്കുന്നതിന് വിലക്ക്

0
1844

എൻ.സി.പിക്ക് കനത്ത തിരിച്ചടി.

ന്യൂഡൽഹി: എൻ.സി.പി യുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഇനി ഡോ.കെ.കെ.മുഹമ്മദ് കോയയുടെ ചിത്രം ഉപയോഗിക്കാനാവില്ല. അദ്ദേഹത്തിന്റെ പേരോ പ്രശസ്തിയോ ചിത്രമോ എൻ.സി.പി യുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയതായി അദ്ദേഹത്തിന്റെ മകൻ ഡോ.കെ.പി.മുഹമ്മദ് സ്വാദിഖ് ദ്വീപ് മലയാളിയോട് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഡോ.കോയയുടെ ചിത്രവും മറ്റും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കും. നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമായി എൻ.സി.പി മുന്നോട്ടു പോയാൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഡോ.കെ.കെ.മുഹമ്മദ് കോയ രൂപം നൽകിയതും അദ്ദേഹം പ്രവർത്തിച്ചതുമായ നിരവധി പ്രസ്ഥാനങ്ങളുണ്ട്. ലക്ഷദ്വീപ് വികസന സമിതി (എൽ.വി.എസ്), ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ), ലക്ഷദ്വീപ് ഗവണ്മെന്റ് എംപ്ലോയീസ് യൂണിയൻ (എൽ.ജി.ഇ.യു) തുടങ്ങിയ സംഘടനകൾ ഡോ. കോയ രൂപീകരിച്ചതാണ്. ജനതാദൾ (എസ്), ജനതാദൾ (യു), സമതാ പാർട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളിൽ അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ എൻ.സി.പി എന്ന രാഷ്ട്രീയ സംഘടനയിൽ ഡോ.കോയ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട് തന്നെ, എൻ.സി.പി യുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഡോ.കോയയുടെ പേരോ, പ്രശസ്തിയോ, ചിത്രങ്ങളോ ഉപയോഗിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ജനതാദൾ (യു) ലക്ഷദ്വീപ് ഘടകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരിമിതികൾ ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ജനതാദൾ (യു) കേന്ദ്ര നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ജനതാദൾ (യു) ദേശീയ ജനറൽ സെക്രട്ടറി ശ്രീ.അഷ്ഫാഖ് അഹ്മദ് ഖാൻ, മുതിർന്ന നേതാവ് ശ്രീ.സഞ്ചയ് സിംഗ് തുടങ്ങിയവർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ചർച്ച നടത്തി. പാർട്ടിയുടെ സമുന്നതനായ നേതാവായിരുന്ന ഡോ.കോയയുടെ പേരും ചിത്രവും മറ്റും എൻ.സി.പി ലക്ഷദ്വീപ് ഘടകം അനധികൃതമായി ഉപയോഗിക്കുന്നു എന്ന് അവർ കമ്മീഷനെ അറിയിച്ചു. ഇത് തടയുന്നതിന് വേണ്ട നടപടികൾ എടുക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കൂടാതെ, വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ദ്വീപുകാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി കൊച്ചിയിൽ ഒരു പ്രത്യേക പോളിംഗ് ബൂത്ത് സംവിധാനിക്കണം എന്നും അവർ ആവശ്യപ്പെട്ടു. ഡോ.കോയയുടെ പേരും പ്രശസ്തിയും ചിത്രവും എൻ.സി.പി ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയതായി നേതാക്കൾ പറഞ്ഞു. എന്നാൽ കൊച്ചിയിൽ പോളിംഗ് ബൂത്ത് അനുവദിക്കണം എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചതായും അവർ അറിയിച്ചു.

എൽ.എസ്.എ, എൽ.ജി.ഇ.യു എന്നീ സംഘടനകൾ ഡോ.കോയ രൂപീകരിച്ച സ്വതന്ത്ര സംഘടനകൾ ആണ്. അത് കൊണ്ട് തന്നെ അത്തരം സംഘടനകൾക്ക് പ്രസ്തുത വിലക്ക് ബാധകമായിരിക്കുകയില്ല എന്ന് ഡോ.മുഹമ്മദ് സ്വാദിഖ് ദ്വീപ് മലയാളിയോട് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here