ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപും ലഡാക്കും “ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതിയുടെ ഭാഗമായി മാറിയതായി കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.രാം വിലാസ് പാസ്വാൻ അറിയിച്ചു. ഇതോടെ 26 സംസ്ഥാനങ്ങൾ/ കേന്ദ്രഭരണ പ്രദേശങ്ങൾ പദ്ധതിയുടെ ഭാഗമായതായി അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായി ദേശീയ ഭക്ഷ്യ സുരക്ഷയുടെ കീഴിൽ ലഭിക്കുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ നമ്മുടെ റേഷൻ കാർഡ് ഉപയോഗിച്ച് ഈ 26 സംസ്ഥാനങ്ങളിൽ എവിടെ നിന്ന് വേണമെങ്കിലും വാങ്ങാൻ സാധിക്കും. ലക്ഷദ്വീപിന് പുറത്ത് ജോലി ചെയ്യുന്ന ദ്വീപുകാർക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ റേഷൻ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നതിലൂടെ വലിയ ആശ്വാസമാവും ലഭിക്കുക.

ലക്ഷദ്വീപും ലഡാക്കും ദേശീയ ക്ലസ്റ്ററിലുള്ള മറ്റ് 24 സംസ്ഥാനങ്ങളുമായി പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ റേഷൻ വിനിമയം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഈ മാസം ഒന്ന് മുതൽ രാജ്യത്തെ മറ്റ് 25 സംസ്ഥാനങ്ങളിലെ റേഷൻ കടകളിൽ നിന്ന് നമുക്ക് റേഷൻ കൈപ്പറ്റാൻ സാധിക്കും. താൽക്കാലിക ജോലി സംബന്ധമായി ഇടക്കിടെ സ്ഥലം മാറേണ്ടിവരുന്ന തൊഴിലാളികൾക്ക് ഏറെ ഉപകാരപ്രദമായ നടപടിയാണിതെന്ന് മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷയുടെ കീഴിൽ രാജ്യത്ത് 81 കോടിയിലധികം ജനങ്ങൾക്ക് ഒരു രൂപ മുതൽ മൂന്ന് രൂപ വരെ നിരക്കിൽ അരി നൽകിവരുന്നു. “ഒരു രാജ്യം, ഒരു റേഷൻ കാർഡ്” പദ്ധതിയിൽ ഇതുവരെ അംഗമാവാത്ത മറ്റ് സംസ്ഥാനങ്ങൾ കൂടി മാർച്ച് മാസത്തോടെ പദ്ധതിയുടെ ഭാഗമാവുമെന്ന് കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ഏത് റേഷൻ കടകളിൽ നിന്നും നമ്മുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ സാധിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക