ആന്ത്രോത്ത് കപ്പൽ ബർത്തിങ്ങ്; ഗ്രിപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വമ്പൻ പ്രതിഷേധം. വീഡിയോ കാണാം ▶️

0
1149

ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപിൽ കപ്പൽ ബർത്ത് ചെയ്യുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് ഗ്രിപ്പ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ വമ്പൻ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കച്ചേരി പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ആന്ത്രോത്ത് സിവിൽ സ്റ്റേഷനിൽ സമാപിച്ചു. ഗ്രിപ്പ് ക്ലബ്ബ് പ്രസിഡന്റ് ശ്രീ.കെ അലി അക്ബറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർ ശ്രീ.ആറ്റക്കോയയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.

ആന്ത്രോത്ത് ദ്വീപുകാരുടെ സ്വപ്നമായിരുന്ന കപ്പൽ ബർത്തിങ്ങ് ആന്ത്രോത്തിന്റെ അഭിമാനമായ ക്യാപ്റ്റൻ മൻസൂറിന്റെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ എം.വി കവരത്തി ഒഴികെയുള്ള എല്ലാ കപ്പലുകളും ആന്ത്രോത്ത് ദ്വീപിൽ വിജയകരമായി ബർത്ത് ചെയ്തു. ജീവൻ പണയപ്പെടുത്തി യാത്ര ചെയ്തിരുന്ന ആന്ത്രോത്ത് ദ്വീപിലെ യാത്രക്കാർക്ക് വലിയ ആശ്വാസമായ കപ്പൽ ബർത്തിങ്ങ് പക്ഷെ, ആരുടെയോ ഇടപെടൽ മൂലം പൊടുന്നനെ നിർത്തലാക്കി. ഇപ്പോൾ ഒരു വർഷമായി ഈ വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും കപ്പൽ ബർത്തിങ്ങ് സാധ്യമാക്കുന്നതിന് വേണ്ട നടപടികളിൽ ഒരു പുരോഗതിയും ഇല്ലാത്ത അവസ്ഥയാണ്.

എല്ലാ ജനങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തിയ, ജീവിതം കൂടുതൽ സുരക്ഷിതമാക്കിയ കപ്പൽ ബർത്തിങ്ങ് നിർത്തലാക്കുന്നതിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെയും വ്യക്തമല്ല. പലതവണ ഇതുമായി ബന്ധപ്പെട്ട് ഗ്രിപ്പ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധികാരികളെ കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചതാണ്. മുവ്വായിരത്തോളം ആളുകൾ ഒപ്പുവെച്ച നിവേദനം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്ക് മുമ്പാകെ സമർപ്പിച്ചു. തുടർന്ന് ആന്ത്രോത്ത് ബ്രേക്ക് വാട്ടറിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹാർബർ വകുപ്പിനോട് ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.

നിർഭാഗ്യവശാൽ ബർത്തിങ്ങ് പുനരാരംഭിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന നടപടിയാണ് ആന്തമാൻ ലക്ഷദ്വീപ് ഹാർബർ വർക്ക്സ് ഡിപ്പാർട്ട്മെന്റ് ചെയ്തത്. ആന്ത്രോത്തിലെ കപ്പൽ പാതയിൽ പേരിന് വേണ്ടി മാത്രം അവർ നടത്തിയ ആഴം അളക്കൽ ബർത്തിങ്ങ് സാധ്യതയെ തന്നെ തകിടം മറിച്ചു. ആറ് മീറ്ററിൽ കൂടുതൽ ആഴമുണ്ടായിരുന്ന കപ്പൽ പാത നാലര മീറ്റർ പോലും ആഴമില്ല എന്ന് എ.എൽ.എച്ച്.ഡബ്ല്യു മറൈൻ സർവ്വയർ റിപ്പോർട്ട് നൽകി. തുടർന്നാണ് ബർത്തിങ്ങുമായി ബന്ധപ്പെട്ട് പുനരാലോചന പോലും ഇല്ലാതെയായതെന്ന് ഗ്രിപ്പ് ക്ലബ്ബ് പ്രസിഡന്റ് നൽകിയ നിവേദനത്തിൽ ആന്ത്രോത്തിലെ കപ്പൽ ബർത്തിങ്ങ് നാൾവഴികൾ വിശദീകരിച്ചു കൊണ്ട് അക്കമിട്ട് വിവരിക്കുന്നു.

  • ആന്ത്രോത്ത് ബ്രേക്ക് വാട്ടർ വാർഫിൽ കപ്പൽ ബർത്തിങ്ങ് അടിയന്തിരമായി പുനരാരംഭിക്കുക.
  • ഹാർബർ വകുപ്പ് നൽകിയ സർവ്വേ റിപ്പോർട്ട് പൂർണ്ണമായി തള്ളിക്കളയുക.
  • എത്രയും പെട്ടെന്ന് തന്നെ ആന്ത്രോത്ത് കപ്പൽ പാതയിൽ ശാസ്ത്രീയമായ ആഴമളക്കൽ നടത്തുകയും നിലവിലുള്ള തെറ്റായ വിവരങ്ങൾ തിരുത്തുകയും ചെയ്യുക.
  • പേരിനു വേണ്ടി സർവ്വേ നടത്തി തെറ്റായ വിവരങ്ങൾ നൽകുകയും ജനങ്ങളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്ത എ.എൽ.എച്ച്.ഡബ്ല്യു മറൈൻ സർവ്വയർ ശ്രീ.ബി.കെ ഗോയാരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക.
  • കൊച്ചിയിലേയും കവരത്തിയിലേയും അധികൃതർ ആന്ത്രോത്ത് ദ്വീപിനോട് കാണിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കുക.

എന്നീ ആവശ്യങ്ങളാണ് ഗ്രിപ്പ് ക്ലബ്ബ് പ്രസിഡന്റ് ആന്ത്രോത്ത് സബ് ഡിവിഷണൽ ഓഫീസർക്ക് നൽകിയ നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത്. ക്ലബ് പ്രസിഡന്റ് ശ്രീ.കെ അലി അക്ബർ, ശ്രീ.കെ.സി.പി മുസ്തഫാ, ഡോ.സി.എൻ റഷീദ്, ശ്രീ.എൻ.പി.പി ശൈഖ് മുജീബ് റഹ്മാൻ, ശ്രീ.എം.എം സൈയ്ത് മുഹമ്മദ് കോയ, സഖാവ് കെ.പി സലീം തുടങ്ങിയവർ സംസാരിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here