കുന്നത്തേരി: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ ജനിച്ച് ആലുവ കുന്നത്തേരി മഹ്ളറത്തുൽ ഖാദിരിയ്യയിൽ അന്ത്യവിശ്രമം കൊള്ളുന്ന ബഹു: അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങൾ (ഖ.സ) അവർകളുടെ 52-ആമത് ഉറൂസ് മുബാറക്കിന് ഔദ്യോഗിക തുക്കമായി. ആലുവ കുന്നത്തേരി മഹാളറത്തുൽ ഖാദിരിയ്യയിലെ ഖലീഫ ബഹു: അസ്സയ്യിദ് ബാദുൽ അശ്അബ് തങ്ങളുടെയും നൂറുൽ ഇർഫാൻ ജനറൽ സെക്രട്ടറി കെ.പി സയ്യിദ് ഫളൽ തങ്ങളുടെയും സാന്നിധ്യത്തിൽ മഹ്ളറത്തുൽ ഖാദിരിയ്യയുടെയും നൂറുൽ ഇർഫാൻ സ്ഥാപനങ്ങളുടെയും മുതവല്ലിയായ ബഹു: കെ.പി.സയ്യിദ് തങ്ങകോയ തങ്ങൾ കുന്നത്തേരി മഖാം പരിസരത്ത് പതാക ഉയർത്തി. നൂറുൽ ഇർഫാൻ അറബിക് കോളേജ് പ്രിൻസിപ്പാൾ ഉസ്താദ് മഹ്മൂദ് ഉസ്മാൻ അഹ്സനി പ്രാർഥനക്ക് നേതൃത്വം നൽകി. ഇന്ന് മുതൽ നവംബർ ആറ് ചൊവ്വാഴ്ച വരെ രാത്രി 9 മണിയ്ക്ക് പ്രമുഖ പണ്ഡിതൻമാരുടെ നേതൃത്വത്തിൽ പ്രഭാഷണ പരമ്പര നടക്കും. തിങ്കളാഴ്ച മഗ്രിബ് നിസ്കാരത്തിന് ശേഷം കൂട്ട സിയാറത്തും സമാപനം വരെ പകൽ സമയങ്ങളിൽ ഖുർആൻ പാരായണവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. നവംബർ 7-ന് ളുഹർ നിസ്കാരാനന്തരം മൗലിദ് പാരായണം, ഖത്തം ദുആ, അന്നദാനം എന്നിവ നടത്തപ്പെടും.

സയ്യിദ് അഹമ്മദ് കബീർ ഇർഫാനി, സയ്യിദ് നിസാർ തങ്ങൾ ഇർഫാനി, സയ്യിദ് നൗഫൽ തങ്ങൾ, ഉസ്താദ് ഹംസകോയ ജസരി(എം.എഫ്.ബി), അബ്ദുൽ നാസർ ബാഖവി ചേളാരി, മുഹമ്മദ് ഇർഫാനി മുളവൂർ, ഷഫീഖ് ഇർഫാനി പട്ടണക്കാട്, അഡ്വ.കെ.സൈദ് മുഹമ്മദ് കോയ, നൂറുൽ ഇർഫാൻ ഖത്തർ കമ്മിറ്റി പ്രസിഡന്റ് എൻ.പി.താത്താട സയ്യിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

അസ്സയ്യിദ് മുഹമ്മദ് ജലാലുദ്ദീൻ എ.ഐ മുത്തുകോയ തങ്ങൾ(ഖ.സ)
സയ്യിദ് ഹൈദറൂസ് വലിയ്യുള്ളാഹി തങ്ങകോയ തങ്ങൾ(ഖ.സി) എന്നവരുടെ മകനായി ആന്ത്രോത്ത് ആലിയത്തമ്മാട ഐശിയ്യപുര തറവാട്ടിൽ ജനനം. ജീലീ ഖബീലയിൽ പ്രശസ്തമായ തങ്ങളെ, പിതാവിന്റെ പേരിനോട് ചേർത്ത് ഹൈദറൂസിയ്യ് എന്നും അറിയപ്പെടുന്നു. മാതാവിൽ നിന്നും പ്രാധമിക അറിവുകൾ നേടിയ തങ്ങളവർകൾ മതപരവും ആത്മീയവുമായ കൂടുതൽ അറിവുകൾ കരസ്ഥമാക്കുന്നതിനായി സ്വന്തം നാടായ ആന്ത്രോത്ത് ദ്വീപിൽ നിന്നും യാത്ര തിരിച്ചു. തമിഴ്നാട്ടിലെ പുതക്കുടി മദ്രസ അന്നൂറുൽ മുഹമ്മദിയ്യയിൽ ചേർന്ന് പഠനം നടത്തിയ തങ്ങളവർകൾ വിവിധ വിജ്ഞാന ശാഖകളിൽ അഗാധമായ അവഗാഹം നേടി. അവിടെ പ്രധാന ഗുരുവായിരുന്ന ശൈഖ് അബ്ദുൽ കരീം സൂഫീ ഹസ്രത്ത് അവർകളുടെ ശിക്ഷണവും അവരോടുള്ള സഹവാസവും മുത്തുകോയ തങ്ങളുടെ ആത്മീയമായ മുന്നേറ്റത്തിന് കൂടുതൽ പ്രചോദനമായി.
അവിടെ നിന്ന് അങ്ങോട്ട് ആത്മീയ ഗുരുവിനെ തേടിയുള്ള യാത്രയായിരുന്നു. ഒടുവിൽ സ്വന്തം പിതൃസഹോദരനായ ആന്ത്രോത്ത് കോമളം പുറാടം അസ്സയ്യിദ് അഹ്മദുൽ ജീലീ കുഞ്ഞിക്കോയ തങ്ങൾ (ഖ.സ) അവർകളെ ശൈഖായി സ്വീകരിച്ചു. അതികം താമസിയാതെ അഹ്മദുൽ ജീലീ(ഖ.സ) തങ്ങൾ വഫാത്തായി. അവിടുത്തെ നിർദേശപ്രകാരം പിന്നീട് ശൈഖുൽ കൂത്താരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തൊടുപുഴ അശ്ശൈഖ് മുഹമ്മദ് സൂഫിയ്യുൽ കൂത്താരി (ഖ.സ) എന്നവരുടെ ആത്മീയ ശിക്ഷണം സ്വീകരിച്ചു. ശൈഖുൽ കൂത്താരിയിൽ നിന്നും ഖാദിരിയ്യ, ചിസ്തിയ്യ ത്വരീഖത്തുകൾ സ്വീകരിച്ചു. ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ശൈഖ് അസ്സയ്യിദ് യൂസുഫുരിഫാഈ (ഖ.സ), തൃശൂർ കാളത്തോട് കമ്മുക്കുട്ടി മുസ്ലിയാർ (ഖ.സ) എന്നിവരിൽ നിന്നും രിഫാഇയ്യ, നഖ്ശബന്ദിയ്യ, ശാദുലിയ്യ ത്വരീഖത്തുകളും സ്വീകരിച്ചു. പിന്നീട് ശൈഖുൽ കൂത്താരി തങ്ങളുടെ ജീവിതകാലത്ത് തന്നെ തന്റെ പ്രധാന ഖലീഫയായി കുന്നത്തേരി തങ്ങൾ നിയോഗിക്കപ്പെട്ടു. ആയിരങ്ങളെ ആത്മീയതയുടെ വഴിയിലേക്ക് കൈപിടിച്ചുയർത്തിയ കുന്നത്തേരി തങ്ങൾ ഒരുപിടി അമൂല്യമായ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്. യൂസുഫ് നബി (അ) അവർകളുടെ കഥ പറയുന്ന യൂസുഫ് ഖിസ്സപ്പാട്ട്, ഫാത്തിമ ബീവി(റ) വഫാത്ത് മാല, ശൈഖ് മുഹിയുദ്ദീൻ(ഖ.സ) അവർകളുടെ ചരിത്രം പറയുന്ന മുഹിയുദ്ദീൻ മാല തുടങ്ങിയവ കുന്നത്തേരി തങ്ങളുടെ തൂലികയിൽ നിന്നും പിറന്ന കനപ്പെട്ട സംഭാവനകളാണ്.

കുന്നത്തേരിയിൽ തങ്ങൾ സ്ഥാപിച്ച മദ്രസ നൂറുൽ ഇർഫാൻ അറബിക് കോളേജ് ലക്ഷദ്വീപുകാരുടെ അഭിമാനമായി തലയുയർത്തി നിൽക്കുന്നു. അറബിക് കോളേജിന് പുറമെ ദഅവാ കോളേജ്, ബോർഡിങ്ങ് മദ്രസ എന്നിവയും ഇവിടെ പ്രവർത്തിച്ചു വരുന്നു. വിശ്വാസികളുടെ ആത്മീയ മുന്നേറ്റത്തിന് വേണ്ടി കേരളത്തിലും ലക്ഷദ്വീപിലുമായി കുന്നത്തേരി തങ്ങൾ സ്ഥാപിച്ച ഒരുപാട് മഹ്ളറകൾ ഇന്നും ആയിരങ്ങളെ സൂഫീ ചൈതന്യതയിലേക്ക് കൈപിടിച്ചുയർത്തുന്ന കേന്ദ്രങ്ങളായി പ്രവർത്തിച്ചുവരുന്നു.
ഇ.കെ ഹസൻ മുസ്ലിയാർ, പെരുമുഖം സൈനുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ തങ്ങളവർകളുടെ ആത്മീയ ശിക്ഷണം സ്വീകരിച്ച പ്രമുഖരാണ്. ഹിജ്റ 1388 സഫർ മാസം 25-ന് വെള്ളിയാഴ്ച അസ്തമയ സമയത്തോടടുത്ത് മഹാനവർകൾ വഫാത്തായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക