ആന്ത്രോത്ത്: ഇന്നലെ ഉച്ചയോടെ കവരത്തി ദ്വീപിൽ നിന്നും 29 നോട്ടിക്കൽ മൈൽ ദൂരത്ത് വച്ച് തീപിടുത്തം ഉണ്ടായ എം.വി കവരത്തി കപ്പൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആന്ത്രോത്ത് ദ്വീപിൽ എത്തി. കപ്പലിന്റെ എഞ്ചിൻ പൂർണമായി പ്രവർത്തനരഹിതമായതിനാൽ ടഗ് ബോട്ടും ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലായ ഐ.സി.ജി.എസ് സമർഥും ചേർന്ന് കെട്ടി വലിച്ചാണ് ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചത്.
കപ്പലിൽ ആകെ 624 യാത്രക്കാരും 85 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആന്ത്രോത്ത് ദ്വീപിൽ ഇറങ്ങേണ്ട 274 യാത്രക്കാരെയും ബോട്ടുകളിൽ കയറ്റി സുരക്ഷിതമായി ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചു. ബാക്കിയുള്ള 350 യാത്രക്കാരെ ഇപ്പോൾ എം.വി കോറൽസ് കപ്പലിലേക്ക് മാറ്റിക്കഴിഞ്ഞു. ഇനി കപ്പൽ കെട്ടി വലിച്ചു കൊണ്ട് തന്നെ കൊച്ചിയിൽ എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കോറൽസ് കപ്പലിലേക്ക് മാറ്റിയ യാത്രക്കാരെ അതേ കപ്പലിൽ തന്നെ മറ്റു ദ്വീപുകളിൽ എത്തിക്കും. ആന്ത്രോത്ത് കോസ്റ്റ് ഗാർഡ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും മത്സ്യബന്ധന തൊഴിലാളികളും ആന്ത്രോത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
യാത്രക്കാരെ കോസ്റ്റ് ഗാർഡ് കപ്പലായ സമർഥിലേക്ക് മാറ്റാൻ ഇന്നലെ തന്നെ ശ്രമിച്ചിരുന്നു. എന്നാൽ കപ്പലിന്റെ ഷെൽ ഡോർ പ്രവർത്തനക്ഷമമല്ലാത്തതിനാലും കടൽ പ്രക്ഷുബ്ധമായതിനാലും ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഇറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക