പാലക്കാട്: കവിതയുടെ കാര്‍ണിവലിന് തുടക്കമിട്ട് ലക്ഷദ്വീപില്‍ നിന്നുള്ള കവികള്‍. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നടക്കുന്ന നാല് ദിവസം നീളുന്ന കവിതാ കാര്‍ണിവലിലാണ് ജസരി ഭാഷയിലുള്ള കവിതകള്‍ അവതരിപ്പിച്ച് ലക്ഷദ്വീപില്‍ നിന്നുള്ള കവികളായ ഇസ്മത്ത് ഹുസൈനും സലാഹുദ്ധീന്‍ പീച്ചിയത്തും തുടക്കമിട്ടത്.
കവിതയില്‍ നിന്നുമാത്രമല്ല ഭാഷയില്‍ നിന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ് ലക്ഷദ്വീപുജനത എന്ന് ദ്വീപു കവികളായ ഇസ്മത്ത് ഹുസൈനും സലാഹുദ്ധീന്‍ പീച്ചിയത്തും പറഞ്ഞു. ദ്വീപു ജനത വര്‍ഷങ്ങളായി അടിയന്തരാവസ്ഥയാണ് അനുഭവിക്കുന്നത്, ഡല്‍ഹിയില്‍ നിന്ന് അയക്കുന്ന രാജാവ് തീരുമാനിക്കുന്നത് പോലെ ഭരിക്കുന്ന, അദ്ദേഹം തീരുമാനിക്കുന്നത് പോലെ ജീവിക്കാന്‍ പഠിക്കണമെന്ന് പറയുന്ന അടിച്ചമര്‍ത്തപ്പെട്ട സമൂഹമാണ് ദ്വീപുജനത. ഈ ജനതയുടെ പ്രതിനിധി എന്ന നിലക്കാണ് മലയാളത്തിന്റെ മുമ്പില്‍ തങ്ങള്‍ സംസാരിക്കുന്നതെന്ന് ഇരുവരും കാര്‍ണിവല്‍ ഉദ്ഘാടനം ചെയ്ത് പറഞ്ഞു.

മലയാളത്തിന്റെ അതിപ്രസരം ലക്ഷദ്വീപിലെ ഭാഷയായ ജസരിയെ ലോപിപ്പിക്കുയാണ്. ദ്വീപില്‍ ജനാധിപത്യമില്ല പ്രസിഡന്റ് നിയമിക്കുന്ന അഡ്മിനിസ്ട്രേറ്ററാണ് ലക്ഷദ്വീപ് ഭരിക്കുന്നത്. കേരളത്തിലെ സിലബസ്സാണ് പഠിക്കുന്നത്. നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ആരാണെന്ന് ചോദിച്ചാല്‍ പിണറായി വിജയനെന്നും വിഡി സതീശനെന്നും പറയും. നിങ്ങള്‍ ഇന്ത്യയുടെ ഭൂപടം വരക്കുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തും ഓരൊ കുത്ത് വരയ്ക്കണം അല്ലെങ്കില്‍ അത് ഇന്ത്യയല്ലെന്നും സലാഹുദ്ധീന്‍ പറഞ്ഞു. കാലങ്ങളായി തങ്ങള്‍ അടിയന്തരാവസ്ഥയാണ് അനുഭവിക്കുന്നതെന്ന് ഇസ്മത്ത് ഹുസൈന് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അയക്കുന്ന ഒരാളാണ് ഞങ്ങളെ ഭരിക്കുന്നത്. ഒരു ന്യൂനപക്ഷം വരുന്ന എഴുത്തുകാര്‍ പുറത്തേക്ക് വരാന്‍ കൊതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്കൃത കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ജോണ്‍ അധ്യക്ഷനായി. കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ ഡോ. എച്ച്.കെ സന്തോഷ് പാരിപ്രേക്ഷ്യം അവതരിപ്പിച്ചു. കവി പി. രാമന് എഴുതിയ തിളനിലയുടെ പുതിയ പതിപ്പ് കെ.സി നാരായണന് പ്രകാശനം ചെയ്തു. ഗുജറാത്തി കവി കാഞ്ചി പട്ടേല്‍, കാര്‍ണിവല്‍ ഡയറക്ടര്‍ പി.പി രാമചന്ദ്രന് കോളേജ് യൂണിയന് ചെയര്മാന് വി. സജ്ഞീവ് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച്ചവരെ നീണ്ടുനില്‍ക്കുന്ന കാര്‍ണിവലില്‍ നിരവധി അന്താരാഷ്ട്ര ദേശീയ പ്രാദേശിക ഭാഷാ കവികള്‍ പങ്കെടുക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക