പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു.

0
279

തിരുവനന്തപുരം; പ്രശസ്ത കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമായത്.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ് അനില്‍ പനച്ചൂരാനെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു. ഇടയ്ക്കുവച്ച്‌ തലചുറ്റലുണ്ടായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരിച്ചു. ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കോവിഡ് ബാധിതനായി ചികിത്സയില്‍ അല്ലായിരുന്നെന്നും അതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അനിലിന്റെ ഭാര്യാസഹോദരീ ഭര്‍ത്താവ് പറഞ്ഞു. ലാല്‍ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്നു, എം. മോഹനന്റെ കഥ പറയുമ്ബോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി. അറബിക്കഥയിലെ ചോര വീണ മണ്ണില്‍ നിന്നു എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.

ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20-ന് ജനനം. ഉദയഭാനു-ദ്രൗപതി ദമ്ബതികളുടെ മകനാണ്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു. ഭാര്യ: മായ, മകള്‍: ഉണ്ണിമായ.

വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍ എന്നിവയാണ് പ്രശസ്ത കവിതകള്‍. അമ്ബതോളം സിനിമകള്‍ക്കുവേണ്ടിയും അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്. അറബിക്കഥ, കഥ പറയുമ്ബോള്‍, മാടമ്ബി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം എന്നിവ അനില്‍ പനച്ചൂരാന്‍ ഗാനരചന നിര്‍വ്വഹിച്ച പ്രമുഖ സിനിമകളാണ്.

കണ്ണൂര്‍ കവിമണ്ഡലത്തിന്റെ പി.ഭാസ്‌കരന്‍ സ്മാരക സുവര്‍ണമുദ്രാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here