അമിനി: ‘രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ‘ എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ(എസ്.കെ.എസ്.എസ്.എഫ്) രാജ്യവ്യാപകമായി എല്ലാ റിപ്പബ്ലിക് ദിനത്തിലും നടത്തിവരാറുള്ള മനുഷ്യജാലിക കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അമിനി ദ്വീപിനെ പാൽക്കടലാക്കി. എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യജാലികയിൽ വിവിധ ദ്വീപുകളിൽ നിന്നായി ആയിരക്കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംഘടനയുടെ ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൽ റഊഫ് ഫൈസി അധ്യക്ഷത വഹിച്ചു.

“രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക രാജ്യത്ത് ഐക്യവും സമാധാനവും ഊട്ടിയുറപ്പിക്കുന്നു.” -സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ, മുൻ എം.പിയും ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റുമായ അഡ്വ: ഹംദുള്ള സഈദ്, എന്നിവർ മുഖ്യാതിഥികളായിരുന്നു. സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ ശ്രീ.എ.സജീവൻ മുഖ്യപ്രഭാഷണവും സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പ്രമേയ പ്രഭാഷണവും നടത്തി.

വൈകുന്നേരം നടന്ന സമാപന സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. “ധാർമ്മികതയിൽ നിന്നും വ്യതിചലിക്കാതിരിക്കാൻ നമ്മുടെ വിദ്യാർഥികൾക്ക് മതപരമായ വിദ്യാഭ്യാസം അനിവാര്യമാണെന്ന്” ഉദ്ഘാടന പ്രസംഗത്തിൽ തങ്ങൾ സൂചിപ്പിച്ചു. സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി വസ്തുക്കൾ നമ്മുടെ ദ്വീപുകളിൽ കടന്നു വരാതെ നോക്കേണ്ടത് ഒരോരുത്തരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്ലിയാർ അധ്യക്ഷത വഹിച്ചു. അമിനി ദ്വീപ് ഖാളി സയ്യിദ് ഫത്തഹുള്ള മുത്തുകോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. മുൻ എം.പി. ഹംദുള്ള സഈദ്, സുപ്രഭാതം എക്സിക്യൂട്ടീവ് എഡിറ്റർ എ.സജീവൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, അഹമദ് വാഫി കക്കാട്, അലവി ദാരിമി കുഴിമണ്ണ എന്നിവർ പ്രഭാഷണം നടത്തി.
www.dweepmalayali.com ലക്ഷദ്വീപ് വഖഫ് ബോർഡ് മുൻ ചെയർമാൻ യു.സി.കെ തങ്ങൾ, പാണക്കാട് സയ്യിദ് ഷഹീറലി ശിഹാബ് തങ്ങൾ, മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനും ആന്ത്രോത്ത് ദ്വീപ് ഖാളിയുമായ ഹംസകോയ ഫൈസി, ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ അബ്ബാസ് ഹാജി, ടി.കെ.അബ്ദുൽ ഷുക്കൂർ, എസ്.കെ.ഇ.വി.ബി മാനേജർ മോയിൻ കുട്ടി മാസ്റ്റർ, ചേത്ത്ലാത്ത് ദ്വീപ് ഖാളി അബ്ദുൽ റഷീദ് മദനി, ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് പ്രസിഡന്റ് ഹംസകോയ ഫൈസി, സിറാജുദ്ദീൻ നിസാമി, ഇബ്രാഹിം ഫൈസി, അഷ്റഫ് റഹ്മാനി ചൗക്കി, ഇബ്രാഹിം ദാരിമി ഉഗ്രപുരം തുടങ്ങിയവർ പങ്കെടുത്തു.
കടപ്പാട്: മുഹമ്മദ് ഷുഐബ് സി.എച്ച്.പി
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക