കൊച്ചി: ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ) എല്ലാ വർഷവും പുറത്തിറക്കി വരാറുള്ള വാർഷിക മാഗസിന്റെ 2018-19 വർഷത്തെ പുതിയ പതിപ്പ് പുറത്തിറങ്ങി. എൽ.എസ്.എ 48 വയസ്സ് പിന്നിടുന്ന വേളയിൽ വിവിധ മേഖലകളിൽ സംഘടന സ്വീകരിച്ചു വരുന്ന നിലപാടുകളുടെ സാക്ഷ്യപ്പെടുത്തലാണ് “ബഹറൊലി”. എൽ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റിയും അമിനി യൂണിറ്റ് കമ്മിറ്റിയും സംയുക്തമായാണ് മാഗസിൻ പുറത്തിറക്കിയിരിക്കുന്നത്.
രാഷ്ട്രീയം എന്ന പദം പോലും സമൂഹത്തിൽ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ വിദ്യാർഥി രാഷ്ട്രീയവും വലിയ തോതിൽ തെറ്റിദ്ധരിക്കപ്പെടുകയാണ്. രാഷ്ട്രീയം രാഷ്ട്ര നിർമ്മാണത്തിനുള്ളതാണെന്ന തിരിച്ചറിവ് നഷ്ടപ്പെട്ട, അല്ലെങ്കിൽ അങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ അരാഷ്ട്രീയ വാദികൾ ശ്രമങ്ങൾ നടത്തുന്ന ഈ കാലഘട്ടത്തിൽ യഥാർത്ഥ രാഷ്ട്രീയ ചിന്ത പുതുതലമുറക്ക് കൈമാറുന്നതിന് ജനാധിപത്യ വിശ്വാസികൾ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു. രാജ്യത്തെ നിയമ നിർമ്മാണ സഭകളിൽ വിഖ്യാതമായ നിയമങ്ങൾ രൂപീകരിക്കുന്നതിന് പങ്കുവഹിച്ച മുതിർന്ന നേതാക്കളെല്ലാം തന്നെ ഇന്നലെകളിൽ ക്യാമ്പസ് രാഷ്ട്രീയത്തിലൂടെ കടന്നു വന്നവരാണ്. അതുകൊണ്ട് തന്നെ, വിദ്യാർഥി രാഷ്ട്രീയത്തിനെതിരെ ഉയരുന്ന ശബ്ദങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തിന് നേരെ ഉയരുന്ന വെല്ലുവിളിയാണ്. ഈ അരാഷ്ട്രീയ വാദത്തിന് വലിയ താക്കീത് നൽകി കൊണ്ട് വിദ്യാർഥി രാഷ്ട്രീയത്തിന്റെ ആവശ്യകതകൾ “ബഹറൊലി” വ്യക്തമാക്കുന്നു.

ലക്ഷദ്വീപിൽ ഇന്നും നിലനിൽക്കുന്ന ജനാധിപത്യ വിരുദ്ധമായ ഭരണ സംവിധാനം മാറി, ഡെൽഹി ഉൾപ്പെടെ മറ്റു കേന്ദ്ര ഭരണ പ്രദേശങ്ങളുടെ മാതൃകയിൽ ഒരു അസംബ്ലി രൂപീകരിക്കേണ്ടതിന്റെ ആവശ്യകതകളും മാഗസിൻ ചർച്ച ചെയ്യുന്നു. കൂടാതെ ലക്ഷദ്വീപിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകൾ മാഗസിൻ വിശദമായി വിശകലനം ചെയ്യുന്നു.
മാഗസിൻ കോപ്പി ആവശ്യമുള്ളവർ എൽ.എസ്.എ ഭാരവാഹികളുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ: +91 8547608571
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക