കൊല്ലം: കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ സെന്റർ ആരംഭിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം വെടിയണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കൊല്ലം തുറമുഖം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എംപി.തുറമുഖത്തിന്റെ വികസന സാധ്യതകൾക്കു മങ്ങലേൽപിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ ആശങ്കപ്പെടുത്തുന്നതാണ്. വികസനത്തെ തുരങ്കം വയ്ക്കുന്ന തരത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുകൾ ഉണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ് സർക്കാരിന്റെ മെല്ലെപ്പോക്കു നയം.
തുറമുഖത്ത് ഇമിഗ്രേഷൻ സെന്റർ ആരംഭിക്കുന്നതിനു നിരന്തരം ഇടപെടൽ നടത്തുമ്പോൾ സംസ്ഥാന സർക്കാർ സൗകര്യമൊരുക്കാത്തതു കൊണ്ടാണ് ഇമിഗ്രേഷൻ ആരംഭിക്കാത്തതെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. ഇമിഗ്രേഷൻ കേന്ദ്രം ആരംഭിക്കാൻ കേന്ദ്ര സർക്കാർ സന്നദ്ധമാണെന്നും എന്നാൽ സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനു കത്തുകൾ നൽകിയിട്ടും പ്രതികരണമില്ലെന്നുമാണ് കേന്ദ്ര സർക്കാർ രേഖാമൂലം തന്ന മറുപടിയിൽ അറിയിച്ചിട്ടുള്ളത്.
ചരക്കുഗതാഗതത്തിനും യാത്രാക്കപ്പലുകൾ എത്തിച്ചേരുന്നതിനും ആവശ്യമായ പ്രകൃതിദത്തമായ സൗകര്യങ്ങളുളള തുറമുഖമാണിത്. രാജ്യാന്തര നിലവാരത്തിലുളള വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുളള മിനിക്കോയ് ദ്വീപുമായി ഏറ്റവും അടുത്ത തുറമുഖമാണിത്. ഇമിഗ്രേഷനുളള സൗകര്യം ഏർപ്പെടുത്തിയാൽ വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രാക്കപ്പലുകൾക്കും വിനോദ സഞ്ചാരകപ്പലുകൾക്കും ഇവിടെ സൗകര്യമൊരുക്കാൻ കഴിയും.
കൊല്ലത്തിന്റെ വിനോദസഞ്ചാര വികസനത്തിനും ഗുണം ചെയ്യും. രാജ്യാന്തര കപ്പൽ ചാനലിനോടു ചേർന്നു കിടക്കുന്ന കൊല്ലം തുറമുഖത്ത് കപ്പൽ ജോലിക്കാർ മാറിക്കയറുന്നതിനു വേണ്ടി ധാരാളം കപ്പലുകൾ നങ്കൂരമിടും.

ലക്ഷദ്വീപിലേക്കുളള യാത്രാക്കപ്പലുമായി ബന്ധപ്പെട്ടു ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുമായി ചർച്ച നടത്തും. ഇമിഗ്രേഷൻ കസ്റ്റംസ് നടപടികൾ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് ഊർജിതപ്പെടുത്തും.എംപിയോടൊപ്പം എ.കെ. ഹഫീസ്, പി.ആർ. പ്രതാപചന്ദ്രൻ, കെ. രത്നകുമാർ, സൂരജ് രവി, ആർ. സുനിൽ, ആർ. രമണൻ, ടി.കെ. സുൽഫി, ജോർജ് ഡി കാട്ടിൽ, എസ്. നാസറുദ്ദീൻ, സദ്ദു പള്ളിത്തോട്ടം എന്നിവർ ഉണ്ടായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക