കവരത്തി: വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ലക്ഷദ്വീപിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി ഹംദുള്ള സഈദ് തന്നെ മത്സരിക്കും. ഹംദുവിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു.

നിലവിൽ ലക്ഷദ്വീപ് കോൺഗ്രസിന്റെ അദ്ധ്യക്ഷനാണ് ഈ മുപ്പത്തിയഞ്ചുകാരൻ. ലക്ഷദ്വീപ് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു യുവാവ് പാർട്ടിയുടെ അദ്ധ്യക്ഷ പദവിയിൽ എത്തുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ലക്ഷദ്വീപിലെ പാർട്ടി പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ അദ്ദേഹത്തിന് സാധിച്ചു.

പാർട്ടി അദ്ധ്യക്ഷ പദവി വഹിക്കുന്നതിനാൻ പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കില്ല എന്ന് പലരും പ്രചരിപ്പിച്ചിരുന്നു. എൽ.ടി.സി.സി യുടെ ഐക്യകണ്ഠമായ തീരുമാനത്തിലൂടെ അത്തരം ഊഹാപോഹങ്ങൾ അവസാനിക്കുകയാണ്. കോൺഗ്രസിന് ഏറെ നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് 2019-ൽ നടക്കുന്നത്. അതുകൊണ്ട് തന്നെ, ഹംദുവിനെ മാറ്റി മറ്റൊരാളെ പരീക്ഷുന്നതിനോട് ഹൈക്കമാൻഡിനും താൽപര്യമില്ല. ദീർഘ കാലം കോൺഗ്രസിന്റെ അതികായകനായിരുന്ന സഈദ് സാഹിബിന്റെ മകൻ എന്നതും ഹംദുവിന് അനുകൂലമാണ്.

2004-ൽ പി.എം സഈദിന് നഷ്ടമായ ലക്ഷദ്വീപ് പാർലമെന്റ് മണ്ഡലം തിരിച്ചു പിടിച്ചു കൊണ്ടാണ് ഹംദുള്ള സഈദ് 2009-ൽ രാഷ്ട്രീയ രംഗപ്രവേശനം നടത്തിയത്. പി.എം.സഈദിന്റെ വിയോഗത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണ് ഹംദുവിലൂടെ കോൺഗ്രസ് പാർട്ടിക്ക് നേടാനായത്. എന്നാൽ 2014-ൽ എൻ.സി.പി യുടെ മുഹമ്മദ് ഫൈസലിനോട് അദ്ദേഹം പരാജയപ്പെട്ടു. അതിനു ശേഷം പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനു വേണ്ടി എൽ.ടി.സി.സി അദ്ധ്യക്ഷനായി ഹൈക്കമാൻഡ് അദ്ദേഹത്തെ നിയമിച്ചു. 2017-ൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടിയെ ഉന്നത വിജയത്തിലെത്തിച്ചതിലൂടെ പാർട്ടി അദ്ദേഹത്തിൽ ഏൽപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുവാൻ അദ്ദേഹത്തിനായി. ഈ സാഹചര്യത്തിലാണ് പാർട്ടി അദ്ദേഹത്തിന് വീണ്ടും അവസരം നൽകുന്നത്.

പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധി നിർദ്ദേശിച്ച് അടുത്ത ദിവസം തന്നെയാണ് എൽ.ടി.സി.സി നിർണ്ണായകമായ തീരുമാനം എടുത്തത് എന്നത് ശ്രദ്ധേയമാണ്. സ്ഥാനാർഥിയെ ഹൈക്കമാൻഡ് പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക