ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്നിലേക്ക് . തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. കൃത്രിമം കാട്ടി തെരഞ്ഞെടുപ്പു ഫലം ബി.ജെ.പി അട്ടിമറിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
തൃണമൂലിനു പുറമെ കോൺഗ്രസ്, സി.പി.എം, സി.പി.ഐ, സമാജ്വാദി പാർട്ടി, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ആർ.ജെ.ഡി, ആം ആദ്മി പാർട്ടി, ജനതാദൾ സെക്കുലർ, തെലുഗുദേശം പാർട്ടി, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വോട്ടുയന്ത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു.ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്ര ക്രമക്കേട് സജീവ ചർച്ചയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പി സഖ്യകക്ഷിയായി തുടരുന്ന ശിവസേനയും വോട്ടുയന്ത്രത്തിന് എതിരാണ്.ശിവസേന അടക്കം എന്‍.ടി.എയില്‍ ഉള്ള സമാന മനസ്ക്കരോട് ഇക്കാര്യത്തില്‍ ചര്‍ച്ച ആകാമെന്ന നിലപാടിലാണ് മമത. ഇക്കാര്യത്തില്‍ ശിവസേന പിന്തുണയ്ക്കാനാണ് സാധ്യത.
വോട്ടുയന്ത്രത്തിൽ തിരിമറി നടക്കുമെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ വെല്ലുവിളിച്ചിരുന്നു. അതിനോട് പാർട്ടികളൊന്നും പ്രതികരിച്ചില്ല. എന്നാൽ, തിരിമറി നടത്താൻ പറ്റുമെന്ന് തന്നെയാണ് അവരുടെ പക്ഷം. വോട്ടു ചെയ്തതിന്റെ രസീത് നൽകുന്ന വിവിപാറ്റ്, വോട്ടുയന്ത്രത്തിൽ ഘടിപ്പിക്കുമെന്ന് കമീഷൻ പറഞ്ഞെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിൽ പൂർണതോതിൽ നടപ്പാക്കാൻ ആവശ്യമായ വിവിപാറ്റ് തയാറായെന്നു വരില്ല.ബാലറ്റ് പേപ്പർ സമ്പ്രദായത്തിേലക്ക് തിരിച്ചുപോകുന്നത് കുറ്റമറ്റ വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഏറെ സഹായിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ കാഴ്ചപ്പാട്. പല തെരഞ്ഞെടുപ്പുകളുടെയും ഫലത്തെ വോട്ടുയന്ത്രം വഴി സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വാദിക്കുന്നു.
മമത ബാനർജിയാണ് പ്രതിപക്ഷഐക്യത്തിനു ചുക്കാൻ പിടിച്ചതെന്നാണു നിഗമനം. രണ്ടു ദിവസം ഡൽഹിയിലുണ്ടായിരുന്ന മമത, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ജനുവരിയിൽ നടക്കുന്ന ഫെഡറൽ റാലിയിലേക്ക് നേതാക്കളെ ക്ഷണിക്കുകയും ചെയ്തു. അതേസമയം, കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്ന് തീയതി കിട്ടിയിട്ടില്ലെന്നാണു വിവരം.
ഈ ആഴ്ചയവസാനം ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണു സൂചന. തിങ്കളാഴ്ച ഗുലാം നബി ആസാദിന്റെ വീട്ടിൽവച്ച് സർവകക്ഷി യോഗം ചേരുന്നുണ്ട്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക