ന്യൂഡൽഹി: മിനിക്കോയ് ദ്വീപിലെ നിർദ്ദിഷ്ട വിമാനത്താവളത്തിന്റെ നിർമ്മാണവും അനുബന്ധ പദ്ധതികളും ഉടൻ ആരംഭിക്കും. നീതി ആയോഗ് പ്രതിനിധി ശ്രീ.ടി ഹഖിന്റെ നേതൃത്വത്തിലുള്ള സംഘം മിനിക്കോയ് ദ്വീപ് സന്ദർശിച്ചു. കേന്ദ്ര ആഭ്യന്തര വകുപ്പിലെയും ഗോത്രവർഗ്ഗ-പരിസ്ഥിതി-വനം വകുപ്പ് മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഹഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നു. കൂടാതെ, എൻ.ആർ.ഇ ഉപദേഷ്‌ടാവ്, ഇന്ത്യൻ എയർ ഫോഴ്സ് പ്രതിനിധികൾ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. നീതി ആയോഗിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ വികസനത്തിനായി തിരഞ്ഞെടുത്ത ഇന്ത്യയിലെ 26 ദ്വീപുകളിൽ മിനിക്കോയ് ദ്വീപും ഉൾപ്പെടുന്നു. ലക്ഷദ്വീപിലെ തിരഞ്ഞെടുക്കപ്പെട്ട ദ്വീപുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി ഇവർ വിലയിരുത്തി. വിമാനത്താവളം ഉൾപ്പെടെയുള്ള മിനിക്കോയ് ദ്വീപിലെ വികസന പദ്ധതികൾക്ക് ലക്ഷദ്വീപ് ഭരണകൂടം കണ്ടെത്തിയ പ്രദേശങ്ങളിലെ ഭൂ ഉടമകളുമായി ഇവർ ചർച്ച നടത്തി. ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിൽ വെച്ച് നടത്തിയ ചർച്ചകളിൽ വിവിധ വകുപ്പ് മേധാവികൾ, ഡി.പി/വി.ഡി.പി അംഗങ്ങൾ, വില്ലേജ് മൂപ്പന്മാർ, ഭൂ ഉടമകൾ തുടങ്ങിയവർ പങ്കെടുത്തു. പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
മിനിക്കോയ് ദ്വീപിന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത നിർദിഷ്ട പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുന്നതിന് പ്രദേശവാസികളുടെ പൂർണ്ണ പിന്തുണ ശ്രീ.ഹഖ് ആവശ്യപ്പെട്ടു. പദ്ധതികളുടെ ലക്ഷ്യവും അത് യാഥാർഥ്യമാക്കുന്നതിന്റെ രീതികളും അദ്ദേഹം വിശദീകരിച്ചു.
യോഗത്തിന് ശേഷം നിർദ്ദിഷ്ട പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. തുണ്ടി, വടക്കുഭാഗത്തായി ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ, വിമാനത്താവളം നിർമ്മിക്കുന്നതിന് കണ്ടെത്തിയ പ്രദേശം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘം പ്രവർത്തനങ്ങളുടെ പുരോഗതിയിൽ പൂർണ്ണ തൃപ്തി അറിയിച്ചു. വിമാനത്താവളം എന്ന മിനിക്കോയ് ദ്വീപുകാരുടെ സ്വപ്നം കാലതാമസമില്ലാതെ യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് ശ്രീ.ഹഖ് പറഞ്ഞു. സൈന്യത്തിനായി നിർമ്മിക്കുന്ന വിമാനത്താവളം സൈനികേതര സർവീസുകൾക്ക് കൂടി തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ.അൽഫോൺസ് കണ്ണന്താനം കഴിഞ്ഞ ദിവസം പാർലമെന്റിൽ അറിയിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക