ന്യൂഡൽഹി: ശസ്ത്രക്രിയയിലൂടെ പ്രസവങ്ങൾ നടത്തുന്നതിനു ആശുപത്രികൾക്കു പ്രത്യേക മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. നിയമ നടപടികളെ അധിക്ഷേപിക്കുന്നതാണ് പൊതുതാത്പര്യ ഹർജിയെന്നു വിലയിരുത്തിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഹർജിക്കാരനു 25,000 രൂപ പിഴയും വിധിച്ചു. സ്വകാര്യ ആശുപത്രികൾ പണമുണ്ടാക്കുന്നതിനായി അനാവശ്യമായി സിസേറിയനിലൂടെയുള്ള പ്രസവം നടത്തുകയാണെന്ന് ആരോപിച്ച് റീപക് കൻസൽ എന്നയാളാണ് ഹർജി നൽകിയത്.
എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്? എത്രമാത്രം തുക ചെലവു വേണമെന്നാണ് നിങ്ങൾ പറയുന്നത്? നിങ്ങൾ പറയൂ. സിസേറിയൻ പ്രസവങ്ങൾക്ക് കോടതി ഏതു രീതിയിലുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കണമെന്നാണ് നിങ്ങൾ പറയുന്നത്? ഇതൊരു പൊതുതാത്പര്യ ഹർജിയാണോ? ഇതു പൊതുതാത്പര്യ ഹർജിയായി പരിഗണിക്കണമെന്നാണ് നിങ്ങൾ വാദിക്കുന്നതെങ്കിൽ നിയമ നടപടി ക്രമങ്ങളെ അധിക്ഷേപിക്കുകയാണെന്നു വിലയിരുത്തേണ്ടി വരും- കോടതി വ്യക്തമാക്കി.
എന്നാൽ, അത്യാവശ്യ ഘട്ടത്തിൽ മാത്രമേ സിസേറിയൻ നടത്താവൂയെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നതെന്നും ഇന്ത്യയിൽ ഇതു പണമുണ്ടാക്കാനുള്ള സ്വകാര്യ ആശുപത്രികളുടെ ഉപാധിയാണെന്നുമായിരുന്നു റീപക് കൻസലിന്റെ വാദം. സ്വകാര്യ ആശുപത്രികളിലാണ് സിസേറിയൻ കൂടുതലെന്നും സർക്കാർ ആശുപത്രികളിൽ ഇതു കുറവാണെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക