ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ പേരില്‍ ക്രിപ്റ്റോ കറന്‍സി വഴി ദുരിതാശ്വാസ നിധിയിലേക്ക് പണം അയയ്ക്കണമെന്ന് ആവശ്യപ്പെടുന്ന ട്വീറ്റുകള്‍ മോദിയുടെ ട്വിറ്റര്‍ പേജില്‍ വരികയും ഇത് ശ്രദ്ധയില്‍ പെട്ടതോടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിക്കുകയുമായിരുന്നു.
കോവിഡ് 19 നുള്ള പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് സംഭാവന ചെയ്യുക എന്നായിരുന്നു ഹാക്ക് ചെയ്ത് വന്ന ട്വീറ്റില്‍ പറയുന്നത്. മോദിയുടെ വ്യക്തിഗത വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ ട്വിറ്റര്‍ അക്കൗണ്ട് വെരിഫൈഡ് ആണ്. മാത്രമല്ല 25 ലക്ഷം ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.
സംഭവത്തില്‍ ടിറ്റര്‍ അന്വേഷണം ആരംഭിച്ചു. മറ്റ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ട്വിറ്റര്‍ വക്താവ് പറയുന്നത്. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ നടപടിയെടുത്തതായും അക്കൗണ്ട് നിയന്ത്രണം പിന്‍വലിച്ചതായും ട്വിറ്റര്‍ അറിയിച്ചു.
എന്താണ് ക്രിപ്റ്റോ കറന്‍സി
ക്രിപ്റ്റോകറന്‍സി ഒരു തരം ഡിജിറ്റല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ പണമാണ്. ഇത് ഇലക്ട്രോണിക് രൂപത്തില്‍ മാത്രമേ നിലനില്‍ക്കൂ. അതായത് ക്രിപ്റ്റോഗ്രഫിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത വെര്‍ച്വല്‍ കറന്‍സികള്‍ അല്ലെങ്കില്‍ നാണയങ്ങളാണ് ക്രിപ്റ്റോകറന്‍സി. എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാലാണ് ഇവയെ ‘ക്രിപ്റ്റോകറന്‍സി’ എന്നു വിളിയ്ക്കുന്നത്. അതി സങ്കീര്‍ണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ രൂപീകരിച്ചിരിക്കുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക