കവരത്തി: ലോക്ക്ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കൽപ്പേനിയിൽ നിന്നും ആന്ത്രോത്ത് ദ്വീപിലേക്ക് യാത്ര ചെയ്തത് ഉത്തരവാദിത്വപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശം അനുസരിച്ചാണെന്നും അതിൽ ബോട്ടുടമയുടെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായില്ല എന്നും കണ്ടെത്തിയതിനെ തുടർന്ന് കൽപ്പേനി ദ്വീപിലെ ചെറിയന്നെല്ലാൽ അബ്ദുൽ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള മദീനത്തുൽ മുനവ്വറ എന്ന ബോട്ടിന്റെ രജിസ്ട്രേഷൻ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ചതായി ഫിഷറീസ് വകുപ്പ് ഡയറക്ടർ ശ്രീ.മുഹമ്മദ് കാസിം അറിയിച്ചു. കൽപ്പേനി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.മുഹമ്മദ് അബ്ദുൽ നാസറിനെ ലോക്ക്ഡൗൺ വിലക്കുകൾ ലംഘിച്ച് ആന്ത്രോത്ത് ദ്വീപിൽ എത്തിച്ചതിനാണ് മദീനത്തുൽ മുനവ്വറ എന്ന ബോട്ടിന്റെ രജിസ്ട്രേഷൻ റദ്ദാക്കി കൊണ്ട് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമസ്ഥൻ നൽകിയ വിശദീകരണം പരിഗണിച്ചാണ് രജിസ്ട്രേഷൻ റദ്ദാക്കിയ നടപടി മരവിപ്പിച്ചത്. ദ്വീപിലെ ഏറ്റവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്നും ഇതിൽ നിയമലംഘനം ഉള്ളതായി തങ്ങൾക്ക് അറിവുണ്ടായിരുന്നില്ല എന്നും ബോട്ടുടമ നൽകിയ വിശദീകരണത്തിൽ പറയുന്നു. ഫിഷറീസ് വകുപ്പ് തലത്തിലും ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ച ശേഷമാണ് ഉത്തരവ് പിൻവലിച്ചതായി വകുപ്പ് ഡയറക്ടർ അറിയിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക