കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാർത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയിൽ കഴിയുന്നത്.
നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്.
നിപ സ്ഥിരീകരിച്ച യുവാവിനെ കൂടാതെ നാല് പേർ കൂടി അതീവ നിരീക്ഷണത്തിലാണ്. രോഗിയുടെ ഒരു സഹപാഠിയും കുടുംബാംഗവും ചികിത്സിച്ച രണ്ട് നേഴ്സുമാരുമാണ് പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിൽ തുടരുന്നത്. ഇതിൽ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും മന്ത്രി വ്യക്തമാക്കി.
രോഗം ബാധിച്ച എത്തിയവരെ ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രാഥമികമായ കാര്യം. പ്രതിരോധപ്രവർത്തനങ്ങളും ഇതിനോടൊപ്പം നടത്തും. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ രണ്ടാം ഘട്ടത്തിലാവും. ഇടുക്കിയാണ് രോഗത്തിന്റെ ഉറവിടമെന്ന് പറയാനാവില്ല. കൂടുതൽ പരിശോധനകളിലൂടെ മാത്രമേ ഇത്തരം കാര്യങ്ങൾ സ്ഥിരീകരിക്കാനാവുകയുള്ളൂ.
രോഗിയുമായി അടുത്തിടപഴകിയവരുൾപ്പെടെ 86 പേർ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവിന് എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. സർക്കാർ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികൾ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ജില്ലയിലെ ഐസൊലേഷൻ വാർഡ്.
മുൻകരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളത്തിനോട് ചേർന്നുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.
ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന് നൽകുന്നുണ്ട്. മുമ്പ് നിപ ബാധയുണ്ടായ സമയത്ത് ഓസ്ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക