ആന്ത്രോത്ത്: മാപ്പിളപ്പാട്ട് ശാഖയ്ക്ക് ലക്ഷദ്വീപ് നൽകിയ സംഭാവന, ശ്രവണ മനോഹരമായ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച മഹാ പ്രതിഭ, കലയും സംഗീതവുമായി ജീവിതം പാടിത്തീർത്ത ലക്ഷദ്വീപ് കണ്ട എക്കാലത്തെയും മികച്ച മാപ്പിള കവി മായങ്കാക്കാട കോയ എന്ന എം.കെ.കോയ ഇനി ഓർമ്മ. വാർധക്യ സഹജമായ അസുഖങ്ങളാൽ കുറച്ചു കാലമായി ചികിത്സയിലായിരുന്ന എം.കെ.കോയ ഇന്നലെ ഉച്ചയോടെ ആന്ത്രോത്ത് ദ്വീപിലെ സ്വവസതിയിൽ വെച്ചാണ് അന്തരിച്ചത്. ഇന്ന് ഉച്ചയോടെ ആന്ത്രോത്ത് ദ്വീപിൽ ഖബറടക്കം ചെയ്തു.

ദീർഘ കാലം മാപ്പിളപ്പാട്ട് രചനയിലൂടെ സംഗീതലോകത്ത് ലക്ഷദ്വീപിന്റെ ശബ്ദമായി ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ എം.കെ.കോയയുടെ തൂലികയിൽ നിന്നും പിറന്ന ഒട്ടനവധി ഗാനങ്ങൾ നിത്യഹരിതമായി എന്നും മായാതെ നിൽക്കും. സ്കൂൾ പഠന കാലത്ത് തന്നെ അക്ഷരങ്ങൾ കൊണ്ട് മാന്ത്രികം കാണിച്ച കോയയുടെ ഭാഷാവൈഭവവും സംഗീതജ്ഞാനവും ലക്ഷദ്വീപിന്റെ ചരിത്രത്തിൽ എന്നും സൂര്യതേജസായി തിളങ്ങി നിൽക്കും. അമിനി ദ്വീപിൽ സ്കൂൾ പഠനം നടത്തുന്ന കാലത്ത് എം.കെ.കോയ വലിയ രോഗത്തിന് ഇരയായി. വസൂരിയും ചിക്കൻപോക്സും വന്ന അദ്ദേഹം സ്വന്തം നാടായ ആന്ത്രോത്ത് ദ്വീപിലേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ കപ്പലിൽ വെച്ച് ശൈഖ് ജീലാനിയെ തവസ്സുലാക്കി ഒരു ഗാനം രചിച്ചു. “ഖുത്തബീങ്ങൾക്ക് അഖ്ത്താബായി മിന്നിത്തിളങ്ങുന്ന” എന്ന ആ ഗാനം ആ കാലഘട്ടത്തെ ഗായകർ കൂട്ടത്തോടെ ഏറ്റെടുത്തു.

കേരളക്കരയിലെ പ്രശസ്ത മാപ്പിള ഗായകർ പലരും പിന്നീട് അവരുടെ സംഗീത വിരുന്നുകൾ ആരംഭിക്കുന്നത് പ്രസ്തുത ഗാനം ആലപിച്ചു കൊണ്ടായിരുന്നു. ഇന്നത്തെ പുതുതലമുറയും അദ്ദേഹത്തിന്റെ അത്തരം ഭക്തിസാന്ദ്രമായ വരികൾ ആവേശത്തോടെ ഏറ്റുപാടുന്നു. സൂഫീ സരണിയെ ഉണർത്തിയ അദ്ദേഹത്തിന്റെ വരികൾ പ്രായഭേദമന്യേ എല്ലാ വിശ്വാസികളും ഏറ്റുപാടി. ലക്ഷദ്വീപ് സാഹിത്യ കലാ അക്കാദമിക്ക് വേണ്ടി കോയാ സാഹിബ് ഒരുപാട് ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും ചെയ്തിട്ടുണ്ട്. കോയയുടെ തൂലികയിൽ പിറന്ന പ്രവാചക പ്രകീർത്തന കാവ്യങ്ങൾ നിരവധിയാണ്. എല്ലാം എല്ലാകാലത്തും ജീവൻ തുടിക്കുന്ന വരികൾ. ഇന്നും ആന്ത്രോത്ത് ദ്വീപിൽ മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടുന്നത് ആ ജീവസുറ്റ വരികളാണ്. സാഗരകല എന്ന മാസികയിലൂടെ അദ്ദേഹത്തിന്റെ വരികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നും സംഗീതത്തെയും കലയെയും നെഞ്ചോട് ചേർത്തു വെച്ച ആ വലിയ കലാകാരൻ അവാർഡുകൾക്കോ അംഗീകാരങ്ങൾക്കോ പിറകെ പോയില്ല. അൽപ്പം പോലും ജാഡയോ തലക്കനമോ ഇല്ലാത്ത കോയ സാഹിബ് എന്ന കലാകാരൻ എന്നും പാട്ടുകളുടെ ലോകത്ത് ജീവിച്ചു. ഇനി അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ ജനഹൃദയങ്ങളിൽ അദ്ദേഹം മരണമില്ലാത്ത ഓർമ്മയായി ജ്വലിക്കും. സംഗീതം കൂടാതെ അഭിനയത്തിലും തന്റേതായ സംഭാവനകൾ നൽകിയ എം.കെ.കോയ ആന്ത്രോത്ത് കാരക്കാട്ട് യങ് ചാലഞ്ചേഴ്സ് ക്ലബ്ബ് ഒരുക്കിയ ഒരുപിടി നല്ല നാടകങ്ങളിൽ വേഷമണിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ലക്ഷദ്വീപ് കലാ-സാഹിത്യ വേദികളിൽ ഉണ്ടാക്കിയത് വലിയ ഒരു ശൂന്യതയാണ്. ഇനി എം.കെ.കോയ നമ്മോടൊപ്പമില്ല. അദ്ദേഹത്തിന് പകരമാവാൻ ഇനിയൊരു പ്രതിഭയെ പ്രതീക്ഷിക്കാനും നിർവ്വാഹമില്ല. ദ്വീപിലെ കലാകാരന്മാർക്കിടയിലെ വലിയൊരു നന്മയാണ് യാത്രയായത്. മാപ്പിളപ്പാട്ടിന്റെ ചേരുവകളും താളവും കമ്പിയുമെല്ലാമൊത്ത കുറ്റമറ്റ വരികളായിരുന്നു എം.കെ.കോയയുടെ ഓരോ ഗാനങ്ങളും. മാപ്പിളപ്പാട്ടിന്റെ തനിമ നഷ്ടപ്പെടുത്തി വെറും ശബ്ദകോലാഹലങ്ങളാവുന്ന ആധുനിക മാപ്പിളപ്പാട്ടുകൾ എം.കെ.കോയ എന്ന രചയിതാവിനെ മാതൃകയാക്കിയിരുന്നെങ്കിൽ എന്ന് നമുക്ക് പ്രത്യാശിക്കാം.

ലക്ഷദ്വീപിന് പുറത്ത് എവിടെയെങ്കിലും ജനിച്ചിരുന്നുവെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തുമായിരുന്നു. കലാരംഗത്ത് ഇന്നുള്ള ഏത് അംഗീകാരവും അദ്ദേഹം അർഹിക്കുന്നതിലും എത്രയോ ചെറുതാണ് എന്ന് നമുക്ക് നിസ്സംശയം പറയാനാവും. അദ്ദേഹത്തിന്റെ നഷ്ടം ലക്ഷദ്വീപിന്റെ തീരാനഷ്ഠമാണ്, വിശേഷിച്ചും ആന്ത്രോത്ത് ദ്വീപിന്റെ. എം.കെ.കോയയുടെ മരണം അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളുടെ തുടക്കം മാത്രമാണ് എന്നോർത്ത് ആശ്വസിക്കാം. അദ്ദേഹത്തിന്റെ മഗ്ഫിറത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കാം.
“കരുണാമയനഹദായ പുരാൻ തൻ തിരുനാമം, വാഴ്ത്തപ്പെട് നീ ശ്വാസമിലും ആ ഉതി താനം”
ആ ഓർമ്മകൾക്ക് മരണമില്ല. ആ തൂലിക എന്നും ആസ്വാദക ഹൃദയങ്ങളെ കീഴടക്കും. എം.കെ.കോയയുടെ ഓരോ വരികളും ഇനി കണ്ണീരോടെയല്ലാതെ പാടിത്തീർക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബങ്ങളുടെ ദുഃഖത്തിൽ ദ്വീപ് മലയാളിയും പങ്ക് ചേരുന്നു.
-എഡിറ്റർ
ദ്വീപ് മലയാളി.
കടപ്പാട്: താജ് രിസ’വി കിൽത്താൻ, നല്ലകോയ ആന്ത്രോത്ത് (കാരക്കാട്), സുൽഫി ആന്ത്രോത്ത് (കോസ്മോ സ്റ്റുഡിയോ)
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക