ചെന്നൈ: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും ഇന്റലിജൻസ് ബ്യൂറോ മുൻ മേധാവിയുമായിരുന്ന ദിനേശ്വർ ശർമ (66) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
1976 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ കേരള കേഡറിലാണ് സർവീസ് ആരംഭിച്ചത്. 1991ൽ ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടറായി. 2003-05 വരെ കശ്മീരിന്റെ ചുമതലയുള്ള ഐ.ബി ജോയിന്റ് ഡയറക്ടറായിരുന്നു. 2005-08 വരെ സിആർപിഎഫ് ഐജിയായും സേവനം അനുഷ്ടിച്ചു. 2015 മുതൽ 2017 വരെ ഇന്റലിൻസ് ബ്യൂറോ ഡയറക്ടറായും പ്രവർത്തിച്ചു.
കശ്മീർ പ്രശ്നവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെയും ദിനേശ്വർ ശർമ വളരെ സമർത്ഥമായി കൈകാര്യ ചെയ്തിരുന്നു. സർവീസിൽ നിന്നു വിരമിച്ച ശേഷം 2017ൽ കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള ചർച്ചകൾക്ക് കേന്ദ്ര സർക്കാരിന്റെ മധ്യസ്ഥനായും അദ്ദേഹത്തെ നിയമിച്ചിരുന്നു. പിന്നീട് 2019 ലാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി സ്ഥാനമേറ്റത്.
1997ൽ ഇന്ത്യൻ പോലീസ് മെഡലും 2003ൽ പ്രസിഡന്റിന്റെ പോലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശർമയുടെ മരണത്തിൽ അനുശോചിച്ചു.
ഇന്ത്യൻ പോലീസിലും സുരക്ഷാ സേനകളിലും ദീർഘനാൾ നിലനിൽക്കുന്ന മികച്ച സംഭാവനകൾ നൽകിയ ഉദ്യോഗസ്ഥനായിരുന്നു ദിനേശ്വർ ശർമയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. സർവീസിലിരിക്കുമ്പോൾ നിരവധി തീവ്രവാദവിരുദ്ധ ദൗത്യങ്ങളും കലാപങ്ങളും മികച്ച രീതിയിൽ അദ്ദേഹം കൈകാര്യം ചെയ്തിരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അങ്ങേയറ്റം അർപ്പണബോധത്തോടെ രാജ്യത്തെ സേവിച്ച ഉദ്യോഗ സ്ഥനായിരുന്നു ശർമയെന്ന് അമിത് ഷാ അനുസ്മരിച്ചു. ശര്‍മയുടെ വിയോഗം ഞെട്ടിച്ചെന്നും ആഭ്യന്തര സുരക്ഷയില്‍ അദ്ദേഹത്തിന്റെ വൈദഗ്ധ്യം ശ്രദ്ധേയമായിരുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക