ന്യൂഡൽഹി: ലക്ഷദ്വീപിലെ എട്ട് ദ്വീപുകളിൽ സോളാർ ചങ്ങാടപ്പാനലുകൾ സഥാപിക്കുന്നതിനുള്ള ടെന്റർ നടപടികൾ ആരംഭിച്ചു. സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.സി.ഐ) യുടെ കീഴിലാണ് ടെന്റർ ക്ഷണിച്ചിരിക്കുന്നത്. എട്ട് ദ്വീപുകളിൽ നിന്നായി 20 മെഗാവാട്ട് ഊർജ്ജം ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം ശേഖരിക്കുന്നതിനായി മണിക്കൂറിൽ 60 മെഗാവാട്ട് ശേഖരണ ശേഷിയുള്ള ബാറ്ററികളും സ്ഥാപിക്കും. എട്ട് ദ്വീപുകളിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ടെന്റർ ഒരാൾക്ക് മാത്രമായിരിക്കും നൽകുക.
ബില്ലമുള്ള ദ്വീപുകളായ അഗത്തി, അമിനി, ചേത്ത്ലാത്ത്, കടമത്ത്, കൽപ്പേനി, കവരത്തി, കിൽത്താൻ, മിനിക്കോയ് എന്നീ ദ്വീപുകളിലാണ് സൗരോർജ ചങ്ങാടപ്പാനലുകൾ സഥാപിക്കുന്നത്. പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ടെന്റർ ലഭിക്കന്നവർക്ക് തന്നെയാവും പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പത്ത് വർഷത്തേക്ക് ചുമതല നൽകുക.

അടുത്ത മാസം ഒന്നിന് മുമ്പായി ടെന്റർ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കഴിഞ്ഞ ഏഴ് വർഷമായി ഏറ്റവും കുറഞ്ഞത് പത്ത് മെഗാവാട്ട് സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്ന കമ്പനികൾക്ക് മാത്രമേ ടെന്ററിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
നേരത്തെ പത്ത് മെഗാവാട്ട് സൗരോർജ ചങ്ങാടപ്പാനലുകൾ സഥാപിക്കുന്നതിന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ശ്രമിച്ചു വരികയായിരുന്നു. സൗരോർജം ഉൾപ്പെടെയുള്ള റിനവബിൾ എനർജി പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ‘ഉദയ്’ പദ്ധതിയിൽ കഴിഞ്ഞ വർഷം ലക്ഷദ്വീപ് അംഗമായിരുന്നു. ഈ പദ്ധതിയുടെ പ്രയോജനമായി ലക്ഷദ്വീപ് ഭരണകൂടത്തിന് എട്ട് കോടി രൂപ ലഭിക്കും.

കവരത്തിയിലാണ് ഏറ്റവും വലിയ സൗരോർജ ചങ്ങാടപ്പാനലുകൾ സ്ഥാപിക്കുക. കവരത്തിയിൽ സ്ഥാപിക്കുന്ന സൗരോർജ ചങ്ങാടപ്പാനലുകൾ വഴി 4.5 മെഗാവാട്ട് ഊർജ്ജം ഉൽപ്പാദിപ്പിക്കും. ഊർജ്ജം ശേഖരിക്കുന്നതിനായി 13.5 മെഗാവാട്ട് ശേഷിയുള്ള ബാറ്ററികളും കവരത്തിയിൽ എത്തും. കിൽത്താൻ ദ്വീപിലാവും ഏറ്റവും ചെറിയ ചങ്ങാടപ്പാനലുകൾ സ്ഥാപിക്കുക. 1.5 മെഗാവാട്ടാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. ഇവിടെ 4.5 മെഗാവാട്ട് ബാറ്ററികളും സ്ഥാപിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക