കൊച്ചി: അടുത്ത മാസം 12 മുതൽ 22 വരെ ഫ്രാൻസിലെ നോർമണ്ടിയിൽ വെച്ച് നടക്കുന്ന ലോക സ്കൂൾ മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷദ്വീപിന്റെ അഭിമാന താരം മുബസ്സിനയ്ക്ക് നെടിയത്ത് ഗ്രൂപ്പ് ചെയർമാൻ ശ്രീ.നസീബ് റഹ്മാനും മാനേജിംഗ് പാർട്ണർ ഷെല്ലി രാജ് പി.എസും ചേർന്ന് ഒരു ലക്ഷം രൂപയുടെ പാരിതോഷികം കൈമാറി. കഴിഞ്ഞ മാസം 20,21 തിയ്യതികളിൽ ഭുവനേശ്വറിൽ വെച്ച് നടന്ന സെലക്ഷൻ ട്രയൽസിൽ വെച്ചാണ് ലോംഗ് ജംബ്, 400 മീറ്റർ ഹഡിൽസ് എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു കൊണ്ട് ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ മുബസ്സിനയ്ക്ക് അവസരം ലഭിച്ചത്. നിലവിൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ സ്പോർട്സ് അക്കാദമിയുടെ കീഴിലാണ് മുബസ്സിന പരിശീലനം നടത്തി വരുന്നത്. ലക്ഷദ്വീപിൽ എവിടെയും പരിശീലനത്തിന് ആവശ്യമായ ഹോസ്റ്റൽ സൗകര്യം നിലവിൽ ഇല്ലാത്തതിനാലാണ് കോഴിക്കോടുള്ള പരിശീലന കേന്ദ്രത്തിൽ പരിശീലനം നടത്തി വരുന്നത്. ഇവിടെ താമസിച്ച് പരിശീലനം നടത്തുന്നതിന് ഏകദേശം ₹8000 രൂപയോളം ഓരോ മാസവും ചിലവ് വരുന്നുണ്ട്.

ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ പോവുന്നതിനു വേണ്ട യാത്രക്കും മറ്റുമായി മുബസ്സിനയ്ക്ക് രണ്ടര ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള സർക്കാരിന്റെ സഹായം ലഭിക്കാത്തതിനാൽ ആവശ്യമായ തുക ലഭ്യമാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ഒരു ആവശ്യവുമായി സമീപിച്ചപ്പോൾ മുതിർന്ന ഉദ്യോഗസ്ഥർ എല്ലാവരും അനുഭാവപൂർവ്വം അതിനോട് പ്രതികരിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി മുബസ്സിനയ്ക്ക് ആവശ്യമായ തുക ലക്ഷദ്വീപ് ഭരണകൂടം ഉടൻ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലക്ഷദ്വീപിന്റെ അഭിമാനം വാനോളം ഉയർത്തിയ മുബസ്സിനയോടുള്ള ആദരസൂചകമായാണ് നെടിയത്ത് ഗ്രൂപ്പ് പാരിതോഷികം നൽകിയതെന്ന് ചെയർമാൻ ശ്രീ.നസീബ് റഹ്മാൻ ദ്വീപ് മലയാളിയോട് പറഞ്ഞു. ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കുന്ന മുബസ്സിന സ്വർണ്ണത്തിളക്കവുമായി തിരിച്ചു വരുന്ന അഭിമാനകരമായ നിമിഷത്തിനായി ലക്ഷദ്വീപിലെ മുഴുവൻ ജനങ്ങൾക്കുമൊപ്പം നെടിയത്ത് ഗ്രൂപ്പും കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നെടിയത്ത് ഗ്രൂപ്പ് പ്രതിനിധികളായ സാദത്ത് ടി.പി, ബാബു കൊടുങ്ങല്ലൂർ എന്നിവർ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക