ന്യൂ ഡെൽഹി: ആതുര ശുശ്രൂഷ രംഗത്തെ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫ്ലോറെൻസ് നൈറ്റിങ്ങാൾ പുരസ്കാരം അമിനി ദ്വീപ് സ്വദേശി അക്ബർ അലിക്ക്. ഈ മാസം 12-ന് ഡെൽഹിയിലെ രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു.ഇന്ത്യൻ രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആധുനിക നഴ്സിങ്ങ് രംഗത്തെ ഉപജ്ഞാതാവും സാമൂഹിക പരിഷ്കർത്താവുമായിരുന്ന “വിളക്കേന്തിയ വനിത” എന്നറിയപ്പെടുന്ന ഫ്ലോറെൻസ് നൈറ്റിങ്ങാൾ എന്ന വനിതയോടുള്ള ആദരസൂചകമായാണ് ഈ പുരസ്കാരം നൽകിവരുന്നത്. ആതുര ശുശ്രൂഷാ സേവന രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകിയരെയാണ് ഈ അവാർഡിന് പരിഗണിക്കുന്നത്. കഴിഞ്ഞ വർഷം ഈ പുരസ്കാരത്തിന് ലക്ഷദ്വീപ് സ്വദേശി അഹ്മദ് കഫി അർഹനായിരുന്നു.

2015-ൽ ഹൂത്തി കലാപകാരികൾ യമനിലെ ചില ഭാഗങ്ങൾ പിടിച്ചടക്കിയിരുന്നു. പിന്നീട് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂത്തി കലാപകാരികളും തമ്മിൽ യുദ്ധം നടന്നു. യമനിലെ പ്രതിസന്ധി ഇന്ത്യയിലും വലിയ വാർത്തയായി. യുദ്ധഭൂമിയിൽ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തി. ഇന്ത്യൻ പൗരൻമാരെ തിരിച്ചു നാട്ടിൽ എത്തിക്കാനുള്ള ദൗത്യം എം.വി.കവരത്തി, എം.വി.കോറൽസ് എന്നീ ലക്ഷദ്വീപിലെ കപ്പലുകളെ ഏൽപ്പിക്കപ്പെട്ടു. അങ്ങനെയാണ് എം.വി.കവരത്തി കപ്പലിലെ സ്റ്റാഫ് നഴ്സായിരുന്ന അക്ബർ അലിക്ക് യമനിലേക്ക് പോവാനുള്ള നിയോഗം ഉണ്ടായത്.
ലക്ഷദ്വീപ് സ്വദേശികളായ തൊഴിലാളികൾ ജോലി ചെയ്യുന്ന കപ്പലുകൾ യമനിലേക്ക് പുറപ്പെടുന്നു എന്നറിഞ്ഞതോടെ ദ്വീപുകാരുടെ മുഴുവൻ ശ്രദ്ധയും യമനിലേക്ക് തിരിഞ്ഞു. വാർത്താ മാധ്യമങ്ങളിലൂടെ മിസൈലുകൾ പതിച്ചു പൊട്ടിത്തെറിക്കുന്ന കപ്പലുകളുടെയും മറ്റും ദൃശ്യങ്ങൾ ദ്വീപുകാരെ ഭയപ്പെടുത്തി. യാത്ര ഉപേക്ഷിക്കണമെന്ന് അക്ബർ അലിയുടെ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും സമ്മർദ്ദമുണ്ടായി. എന്നാൽ അവരുടെ സ്നേഹമസ്രണങ്ങൾക്ക് അവനെ പിന്തിരിപ്പിക്കാനായില്ല. സഹ പൗരന്മാർ യുദ്ധഭൂമിയിൽ മരണത്തോട് മുഖാമുഖം നിൽക്കുമ്പോൾ അവരെ രക്ഷപ്പെടുത്തുക എന്നത് തന്റെ ഉത്തരവാദിത്വം ആണെന്ന് അവൻ തറപ്പിച്ച് പറഞ്ഞു.
ഒടുവിൽ ഇന്ത്യൻ യുദ്ധകപ്പലുകളുടെ അകമ്പടിയോടെ അക്ബർ അലിയും സംഘവും യമനിലെ യുദ്ധഭൂമിയിലേക്ക് പുറപ്പെട്ട വാർത്ത ഞെട്ടലോടെയാണ് കുടുംബാംഗംങ്ങൾ അറിഞ്ഞത്. തിരിച്ചു വരുന്നത് വരെ കുടുംബം ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു. യമനിൽ നിന്നുയർന്ന ഓരോ വെടിയൊച്ചയും കുടുംബത്തെ ഭയപ്പെടുത്തി. ഒടുവിൽ ഏപ്രിൽ 18-ന് അക്ബർ അലിയും സംഘവും കൊച്ചിയിൽ തിരിച്ചെത്തുന്നു എന്ന വാർത്ത വന്നപ്പോഴാണ് അവരുടെ ശ്വാസം നേരെ വീണത്. നിരവധി ഇന്ത്യക്കാരെയും ചില വിദേശികളെയും വഹിച്ചു കൊണ്ട് കപ്പൽ ഏപ്രിൽ 18-ന് കൊച്ചി തീരമണഞ്ഞു. മരണത്തെ മുഖാമുഖം കണ്ടതിന്റെ അമ്പരപ്പ് അവരുടെ മുഖത്ത് നിഴലിച്ചിരുന്നു. പലരും പലതരത്തിലുള്ള അസുഖങ്ങളുടെ പിടിയിലായിരുന്നു. കൂട്ടത്തിൽ രണ്ട് വൃക്കകളും തകരാറിലായി ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിന് വിധേയമായിരുന്ന യമൻ പൗരൻ റമദാൻ സ്വലാഹ് ഹുസൈൻ അഹ്മദുമുണ്ടായിരുന്നു. ഏപ്രിൽ 12-ന് യമനിലെ യുദ്ധഭൂമിയിൽ നിന്നും കപ്പൽ കയറിയത് മുതൽ 18-ന് കൊച്ചിയിൽ എത്തുന്നത് വരെ റമദാന് വേണ്ട ശുശ്രൂഷകളുമായി അക്ബർ അലി കൂടെത്തന്നെയുണ്ടായിരുന്നു. അത്യധികം ഗുരുതരാവസ്ഥയിലായിരുന്ന റമദാന്റെ രക്ത സമ്മർദവും പൾസ് റേറ്റും അപകടകരമാം വിധം താഴ്ന്നു കൊണ്ടിരിന്നു. ഒരു കപ്പലിൽ സാധ്യമായ എല്ലാ വൈദ്യസഹായവും നൽകി അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ ഉറക്കമിളച്ച് കഴിച്ചുകൂട്ടിയ നിർണ്ണായകമായ ആ മണിക്കൂറുകൾ അക്ബർ അലിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടങ്ങളിൽ ഒന്നായിരുന്നു.
ഇതിന് മുമ്പ് സമാനമായ സാഹചര്യം ഇതേ കപ്പലിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്നും വൻകരയിലേക്ക് പ്രസവത്തിന് പോവുകയായിരുന്ന ആന്ത്രോത്ത് സ്വദേശിയായ ഒരു സഹോദരിക്ക് രാത്രിയോടെ പ്രസവ വേദന തുടങ്ങുകയായിരുന്നു. പരിമിതമായ ചികിത്സാ സൗകര്യങ്ങൾ മാത്രമുള്ളതും ഗൈനക്കോളജിസ്റ്റിന്റെ സേവനം ഇല്ലാത്തതുമായ കപ്പലിൽ ആ രാത്രി ഡ്യൂട്ടി ഡോക്ടറും അക്ബർ അലിയും ചേർന്ന് ആ സഹോദരിയുടെ പ്രസവമെടുത്തത് അന്ന് വലിയ വാർത്തയായിരുന്നു.
യുദ്ധ രംഗത്ത് മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഏറ്റവും വലിയ പരീക്ഷണം പൂർത്തിയാക്കി നാട്ടിലെത്തിയപ്പോൾ രാജ്യത്തിന് വേണ്ടി ഏറ്റെടുത്ത രക്ഷാപ്രവർത്തനം പൂത്തീകരിച്ചതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. തിരിച്ചെത്തിയ സംഘം കൊച്ചിയിൽ കപ്പലിറങ്ങുമ്പോൾ ഇന്ത്യൻ നാവിക സേനയുടെ ബാന്റ് സംഘം വാദ്യമേളങ്ങളുടെ അകമ്പടിയോടെ വീരോചിതമായ സ്വീകരണമാണ് അന്ന് നൽകിയത്.
അക്ബർ അലി പത്തു വർഷമായി ലക്ഷദ്വീപിലെ വിവിധ കപ്പലുകളിലും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചുവരുന്നു. മികവിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം തയ്യാറാക്കിയ പട്ടികയിൽ നിന്നാണ് അക്ബർ അലി തിരഞ്ഞെടുക്കപ്പെട്ടത്. ഈ അംഗീകാരം ലഭിക്കുന്നതിന് തനിക്ക് അവസരം ഉണ്ടാക്കിത്തന്ന എൽ.ഡി.സിഎൽ, മെഡിക്കൽ ഡിപ്പാർട്ട്മെന്റുകൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. “ദൈവത്തിന് നന്ദി. രാജ്യത്തിന് വേണ്ടി സേവനം നടത്തുന്നതിൽ അഭിമാനിക്കുന്നു” – അദ്ദേഹം പറഞ്ഞു.
ഈ ചരിത്ര നേട്ടം സ്വന്തമാക്കിയ അക്ബർ അലിയെ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീ.അലി അക്ബർ അഭിനന്ദിച്ചു. ദേശീയ തലത്തിൽ ലഭിച്ച ഈ അംഗീകാരം കണക്കിലെടുത്ത് അക്ബർ അലിയെ ജോലിയിൽ സ്ഥിരപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടപ്പാട്: അലി അക്ബർ (യൂത്ത് കോൺഗ്രസ് പ്രസിഡന്റ്)
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക