അവകാശങ്ങൾ നേടിയെടുക്കാൻ ഭിന്നശേഷിക്കാരുടെ സമരം

0
1659

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വകുപ്പുകളിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ തടഞ്ഞുവെക്കുന്നതിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ഡിസേബിൾഡ് വെൽഫെയർ അസോസിയേഷൻ (എൽ.ഡി.ഡബ്ല്യു.എ) കവരത്തിയിലുള്ള വിവിധ വകുപ്പ് ആസ്ഥാനങ്ങളിൽ സമരം നടത്തി. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആരംഭിച്ച സമര പരിപാടികൾ വൈകുന്നേരം വരെ നീണ്ടു നിന്നു. ആരോഗ്യ വകുപ്പ്, സാമൂഹ്യ ക്ഷേമ വകുപ്പ്, സ്പോർട്സ്, എൽ.ഡി.സി.എൽ, തുറമുഖ വകുപ്പ്, കളക്ടറേറ്റ്, ഖാദി ബോർഡ്, സർവ്വീസസ് എന്നീ വകുപ്പ് ആസ്ഥാനങ്ങളിൽ സമരക്കാർ ധർണ്ണ നടത്തി. വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ സമര വേതിയിലെത്തി സംഘടനാ ഭാരവാഹികളുമായി ആശയവിനിമയം നടത്തി.

കേന്ദ്ര സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും ഇതുവരെയും ലക്ഷദ്വീപിൽ പി.ഡബ്ല്യു.ഡി ആക്റ്റ് നടപ്പാക്കിയിട്ടില്ല. ജില്ലാ തലങ്ങളിൽ നടപ്പാക്കിയ പുനരധിവാസ കേന്ദ്രങ്ങൾ ദ്വീപുകളിൽ തുടങ്ങിട്ടില്ല. സ്പെഷ്യൽ സ്കൂൾ ആരംഭിക്കാൻ ലക്ഷദ്വീപ് ഭരണകൂടം നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല.

ലക്ഷദ്വീപിൽ 1800-ഓളം ഭിന്നശേഷിക്കാരുണ്ട്. ഇതിൽ 434 പേർക്ക് മാത്രമേ വികലാംഗ പെൻഷൻ ലഭിക്കുന്നുള്ളൂ. പല കാരണങ്ങൾ പറഞ്ഞ് അർഹമായ പെൻഷൻ പോലും തടയുകയാണ്. പെൻഷൻ ലഭിക്കുന്നവർക്ക് തന്നെ ആറോ ഏഴോ മാസം കഴിഞ്ഞാണ് ലഭിക്കുന്നത്. ഈ അനാസ്ഥകൾ അവസാനിപ്പിക്കണമെന്നും സമയബന്ധിതമായി ഓരോ മാസവും അർഹമായ പെൻഷൻ തുക നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ നിയമങ്ങൾ അനുസരിച്ച് തൊഴിൽമേഖലയിൽ ഭിന്നശേഷിക്കാർക്ക് 4% സംവരണം അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ ആനുകൂല്യം ലക്ഷദ്വീപിൽ ലഭിക്കുന്നില്ല. 2016-ൽ ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച 22 തസ്തികളിലേക്ക് ഇതുവരെയും നിയമനം നടത്തിയിട്ടില്ല. മൂന്ന് മാസത്തിനുള്ളിൽ തന്നെ പ്രസ്തുത ഒഴിവുകൾ നികത്തണമെന്ന് എൽ.ഡി.ഡബ്ല്യു.എ ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ എല്ലാ കപ്പലുകളിലും ഭിന്നശേഷിക്കാർക്ക് 4% സംവരണം ഉറപ്പ് വരുത്തണം. കഴിഞ്ഞ 35 വർഷമായി ടൂറിസം പദ്ധതികൾ നടപ്പാക്കി വരുന്ന ‘സ്പോർട്സ്’ വകുപ്പിന് കീഴിലുളള 1200 തസ്തികകളിൽ 50 തസ്തികകളും കോർപ്പറേഷനു കീഴിൽ 50 തസ്തികകളും ഭിന്നശേഷിക്കാർക്ക് വേണ്ടി മാറ്റിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

എൻ.എച്ച്.എഫ്.ഡി.സി നിർദേശത്തിനു വിരുദ്ധമായി ഖാദി ബോർഡ് ഭിന്നശേഷിക്കാരിൽ നിന്നും കൂടുതൽ പലിശ ഈടാക്കുന്നു. അവർക്ക് അർഹമായ ഇളവുകൾ ലഭിക്കുന്നില്ല. ഭിന്നശേഷിക്കാരുടെ വായ്പാ കുടിശ്ശികകൾ യുദ്ധകാലാടിസ്ഥാനത്തിൽ എഴുതിത്തള്ളണമെന്നും സംഘടന ആവശ്യപ്പെട്ടു.

സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയ ലക്ഷദ്വീപ് കളക്ടർ താരിഖ് തോമസ്, എൽ.ഡി.സി.എൽ മാനേജിംഗ് ഡയറക്ടർ, വിവിധ വകുപ്പുകളുടെ സെക്രട്ടറി ചുമതല വഹിക്കുന്ന ശ്രീ.എ.ഹംസ, പോർട്ട് ഡയറക്ടർ ശ്രീ.അങ്കൂർ പ്രകാശ് മിശ്രാം, ആരോഗ്യ വകുപ്പ് ഡയറക്ടർ തുടങ്ങിയവർ അവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു. ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച ഒഴിവുകളിലേക്ക് ഉടൻ തന്നെ നിയമനം നടത്തുമെന്ന് കളക്ടർ താരിഖ് തോമസ് ഉറപ്പ് നൽകി. സ്പോർട്സ്, എൽ.ഡി.സി.എൽ വകുപ്പുകളിൽ ഭിന്നശേഷിക്കാർക്കായി 50 വീതം തസ്തികകൾ നീക്കിവെക്കുന്നത് സംബന്ധിച്ച് അടുത്ത ബോർഡ് യോഗങ്ങളിൽ തീരുമാനം എടുക്കും. ഖാദി ബോർഡിലേക്ക് ഭിന്നശേഷിക്കാർ നൽകേണ്ട കുടിശ്ശിക സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് എഴുതിത്തള്ളുമെന്നും കളക്ടർ അറിയിച്ചു.

സമരത്തിന് എൽ.ഡി.ഡബ്ല്യു.എ ചെയർമാൻ പി.പി.ബറക്കത്തുള്ള, റസലുദ്ധീൻ, ദസ്തകീർ, മുഹമ്മദ്, സൽമത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ശാരീരിക വൈകല്യങ്ങളെ മാനസിക ധൈര്യം കൊണ്ട് തോൽപ്പിച്ച് സമരക്കാർ ഒരുമിച്ചപ്പോൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ആരുടെയും പിന്തുണയില്ലാതെ സാധിക്കും എന്ന് തെളിയിക്കാൻ ഞങ്ങൾക്കായി എന്ന് എൽ.ഡിഡബ്ല്യു.എ പ്രതിനിധികൾ ദ്വീപ് മലയാളിയോട് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here