ന്യൂഡൽഹി: കേന്ദ്ര ടെക്സ്റ്റൈൽ വകുപ്പു മന്ത്രി സ്മൃതി ഇറാനി എംപി ഫണ്ടിൽ തിരിമറി നടത്തിയതായി കോണ്‍ഗ്രസ് ആരോപണം. കേന്ദ്ര മന്ത്രിസഭയിൽ നിന്നു സ്മൃതി രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായി ഇറാനി സംസ്ഥാനെ അനന്ദ് ജില്ലയിലെ മഗ്രാൽ ഗ്രാമം വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുത്തിരുന്നു. ഇവിടെ ടെണ്ടറുകൾ ക്ഷണിക്കാതെ വികസന പ്രവർത്തനങ്ങൾക്കായി എംപി ഫണ്ട് വിനിയോഗിച്ചെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്.
മാർഗനിർദേശങ്ങൾ മറികടന്നാണ് മന്ത്രി തന്റെ എംപി ഫണ്ട് ഇവിടെ ചെലവഴിച്ചത്. മന്ത്രിയുടെ സ്റ്റാഫും മറ്റ് ഉദ്യോഗസ്ഥരും ഇതിനു കൂട്ടുനിന്നു. എംപി ഫണ്ട് ദുർവിനിയോഗം നടത്തിയെന്നും പണം തട്ടിച്ചുവെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദ ആരോപിക്കുന്നത്. വിഷയത്തിൽ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ ജില്ലാ ഭരണകൂടം ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തി. ഈ വർഷം ഫെബ്രുവരി രണ്ടിന് ടെണ്ടർ വിളിക്കാതെ ചുമതല ഏൽപ്പിച്ച കരാറുകാരനോട് പണം തിരികെ നൽകണമെന്ന് അനന്ദ് ജില്ലാ കളക്ടർ നിർദേശിച്ചിരുന്നു.
18 ശതമാനം പലിശയോടെ 2.95 കോടി രൂപ സംസ്ഥാന ട്രഷറിയിൽ തിരിച്ചടക്കയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇയാൾ ഇതുവരെ പണം തിരിച്ചടച്ചിട്ടില്ല. മന്ത്രിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ കോണ്‍ഗ്രസ് തെളിവ് സഹിതം ട്വിറ്ററിലൂടെ പുറത്തു വിട്ടിട്ടും വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി സ്മൃതി ഇറാനി ഇതുവരെ തയാറായിട്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക