ടി20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും; വേദിമാറ്റത്തിന് ബിസിസിഐ സമ്മതിച്ചതായി സൂചന

0
99

വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് വേദിയാകാനുള്ള ഇന്ത്യയുടെ മോഹങ്ങള്‍ കൊഴിയുന്നു. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കോവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍ കാരണമാകുന്നത്. ഇന്ത്യയില്‍ നിന്നും മാറ്റിയാല്‍ യുഎഇയിലും ഒമാനിലുമായി ലോകകപ്പ് നടത്തുന്നതിന് ബിസിസിഐ ഐസിസിയോട് തങ്ങളുടെ സമ്മതം അറിയിച്ചതായാണ് സൂചനകള്‍ ലഭിക്കുന്നത്. നിലവില്‍ നിശ്ചയിച്ച പ്രകാരം ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക.

നേരത്തെ, ടി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഐസിസി ബിസിസിഐക്ക് ജൂണ്‍ 28 വരെ സമയം നീട്ടി നല്‍കിയിരുന്നുവെങ്കിലും കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ടൂര്‍ണമെന്‍്റ് നടത്താന്‍ ഐസിസിക്ക് താല്‍പര്യമില്ല എന്ന് മനസ്സിലായത് കൊണ്ടാണ് ലോകകപ്പ് വേദി മാറ്റം സംബന്ധിച്ച്‌ ബിസിസിഐ അവരുടെ നിലപാട് മാറ്റാന്‍ തയ്യാറായതെന്നാണ് സൂചന. ലോകകപ്പ് വേദി മാറിയാലും ടൂര്‍ണമെന്‍്റ് നടത്തിപ്പ് ചുമതല ബിസിസിഐക്ക് തന്നെയായിരിക്കും. ഈ ഒരു കാര്യവും ബിസിസിഐക്ക് അവരുടെ തീരുമാനത്തില്‍ അയവ് വരുത്താന്‍ കാരണമായി. നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാല്‍, യുഎഇയിലെ വേദികള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാന്‍ വേണ്ടിയാണ് ഗള്‍ഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയില്‍ വന്നത്. ഒമാനിലെ മസ്കറ്റ് ആണ് ഇതിനായി ഐസിസി പരിഗണിക്കുന്നത്. അങ്ങനെയെങ്കില്‍ ആദ്യഘട്ട മത്സരങ്ങള്‍ ഒമാനില്‍ നടക്കും. തുടര്‍ന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലാകും യുഎഇയിലെ മത്സരങ്ങള്‍.

നിലവില്‍, ഇന്ത്യയിലെ സ്ഥിതിഗതികള്‍ കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യയില്‍ വെച്ച്‌ ലോകകപ്പ് നടത്തുക പ്രയാസമായിരിക്കുമെന്നാണ് ഐസിസി ബോര്‍ഡ് അംഗങ്ങളില്‍ ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഇതുകൂടാതെ ഇന്ത്യയില്‍ ലോകകപ്പ് നടത്തിയാല്‍ എത്ര ടീമുകള്‍ ഇതിനായി തയ്യാറാകും എന്ന് കണ്ടറിയണം. പ്രത്യേകിച്ചും ഐപിഎല്ലില്‍ നിന്നും കൂടുതലും പിന്മാറിയത് വിദേശ താരങ്ങള്‍ ആണെന്നിരിക്കെ. പക്ഷേ ഏപ്രിലില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്ന കോവിഡ് കേസുകളേക്കാള്‍ മൂന്നിലൊന്നു മാത്രമാണ് ജൂണില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. എന്നാല്‍ വൈറസ് ബാധയുടെ മൂന്നാം തരംഗം കൂടി ഉണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ സ്ഥിതി വഷളായേക്കുമെന്ന സാഹചര്യത്തിലാണ് വേദിമാറ്റത്തിന് ഐസിസി നിര്‍ബന്ധിതരാകുന്നത്.

നേരത്തെ, ജൂണ്‍ ഒന്നിനു ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഐസിസി ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡിന് ജൂണ്‍ 28 വരെ സമയം അനുവദിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തിരുന്നു. പിന്നീട് ബിസിസിഐ നടത്തിയ ആഭ്യന്തര ചര്‍ച്ചയിലാണ് വേദിമാറ്റത്തിന് സമ്മതം അറിയിക്കാന്‍ തീരുമാനിച്ചത്. ഐപിഎല്ലിന് പുറമെ ലോകകപ്പ് കൂടി ഇന്ത്യയില്‍ നിന്നും മാറ്റിയത് ബിസിസിഐക്ക് ചെറിയ ക്ഷീണം ഉണ്ടാക്കുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ അവരുടെ മുന്നില്‍ മറ്റു വഴികള്‍ ഇല്ല എന്ന് തന്നെ വേണം പറയാന്‍. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല എങ്കിലും ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here