കവരത്തി: ടെലികോം അഡ്വൈസറി കമ്മിറ്റിയുടെ യോഗം ഈ മാസം 16-ന് കവരത്തിയിൽ വെച്ച് നടക്കും. ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസലിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക. ലക്ഷദ്വീപിലെ ടെലികോം മേഖലയിലെ വിവിധ പദ്ധതികൾ യോഗത്തിൽ ചർച്ചയാവും. വിവിധ ദ്വീപുകളിലേക്ക് അധികമായി അനുവദിച്ച 10 മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന്റെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ലക്ഷദ്വീപിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി കൂടുതൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലവിലെ പദ്ധതികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനും ഇന്റർനെറ്റ് വേഗത കൂട്ടുന്നതിനുള്ള ബാന്റ് വിഡ്ത്ത് കൂട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാവും. 16-ന് ഉച്ചയ്ക്ക് 2.30-ന് കവരത്തി ഫിഷറീസ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ കൊച്ചി ബി.എസ്.എൻ.എല്ലിലേയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലേയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക