ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്. ബിജെപിയെ തോൽപിക്കുകയെന്ന ഒറ്റ ലക്ഷ്യത്തോടെയാണു പ്രതിപക്ഷത്തെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകില്ല. തിരഞ്ഞെടുപ്പു ഫലമനുസരിച്ചായിരിക്കും പ്രധാനമന്ത്രിപദം സംബന്ധിച്ച് തീരുമാനമെടുക്കുക എന്നും കോൺഗ്രസ് കേന്ദ്ര നേതാക്കളെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പിനു മുൻപു പ്രധാനമന്ത്രി പദത്തിന്റെ പേരിൽ സഖ്യത്തിൽ വിള്ളലുണ്ടാകാതിരിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. പല സംസ്ഥാനങ്ങളിലും വിജയം ഉറപ്പാക്കി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നുവരാനാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നുണ്ട്. ബിജെപിയെയും ആർഎസ്എസിനെയും നേരിടുകയെന്ന ലക്ഷ്യത്തോടെ വിശാല ഐക്യം സംബന്ധിച്ച ഏകദേശ ധാരണയ്ക്ക് ഇതിനോടകം കോൺഗ്രസ് രൂപം നൽകിക്കഴിഞ്ഞു. ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ പ്രതിപക്ഷ ഐക്യം ശക്തമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. ഈ സംസ്ഥാനങ്ങളിൽ ബിജെപിയുടെ ഒരു വലിയ വിഭാഗം സീറ്റുകളും നഷ്ടമാകുമെന്നാണു പ്രതീക്ഷ. എസ്പി, ബിഎസ്പി, കോൺഗ്രസ് സഖ്യത്തിനുള്ള നീക്കം ഉത്തർപ്രദേശിൽ ആരംഭിച്ചു കഴിഞ്ഞു. സീറ്റുവിഭജനം സംബന്ധിച്ച ചർച്ചകളിലേക്കും നടപടിക്രമങ്ങൾ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ ഉൾപ്പെടെ നിർണായക നേട്ടം കൊയ്യാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. അതുവഴി പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് ഉയർന്നുവരാനാകുമെന്നും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കണക്കു കൂട്ടുന്നുണ്ട്. കോൺഗ്രസുമായി പ്രത്യയശാസ്ത്രത്തിൽ ഏറെ വ്യത്യാസമുള്ള ശിവസേന പോലുള്ള പാർട്ടികളുമായി സഖ്യത്തിനു ശ്രമിക്കില്ല. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമായിരിക്കും 2019ലേതെന്നാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. അതിനാൽത്തന്നെ പ്രതിപക്ഷ പാർട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനു മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായവും തേടും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ താൽപര്യങ്ങൾ കൂടി സംരക്ഷിച്ചു മാത്രമായിരിക്കും ദേശീയ–സംസ്ഥാന തലത്തിലെ സഖ്യനീക്കം. ഡൽഹിയിലും പഞ്ചാബിലും എഎപിയുമായി സഖ്യത്തിനു ശ്രമിക്കും മുൻപ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും കോൺഗ്രസ് ഉറപ്പാക്കും.
രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഇവിടങ്ങളിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ മുൻനിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാതെ മികച്ച സ്ഥാനാർഥികളെ തിരഞ്ഞെടുക്കാനാണു തീരുമാനം. പ്രചാരണവും ശക്തമാക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കണമോയെന്ന വിഷയത്തിലും പ്രതിപക്ഷ ഐക്യമുണ്ടാക്കി മുന്നോട്ടു നീങ്ങാനാണു തീരുമാനം. എല്ലാ പാർട്ടികളുടെയും അഭിപ്രായം തേടിയ ശേഷമായിരിക്കും വിഷയത്തിൽ കോൺഗ്രസിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നീക്കം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക