അട്ടിമറിക്കുന്നത് സ്കൂളുകളിലെ ദേശീയ പോഷക പദ്ധതി
ന്യൂഡൽഹി: മാംസാഹാര വിരോധം മുതലാക്കി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ ദേശീയ പോഷക പദ്ധതി (എൻ.എൻ.എസ്) അട്ടിമറിക്കുന്നതായി പഠനം. ‘ഇന്ത്യ സ്പെൻഡ്’ പുറത്തുവിട്ട റിപ്പോർട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി ഭരിക്കുന്ന 19 സംസ്ഥാനങ്ങളിൽ 14ഉം, അംഗൻവാടികളിലും സ്കൂളുകളിലും ഉച്ചഭക്ഷണത്തിനൊപ്പം നൽകുന്ന കോഴിമുട്ട ഒഴിവാക്കി.
ലോകത്ത് പോഷകഹാരക്കുറവ് നേരിടുന്നവർ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിൽ ഒന്നാമതാണ് ഇന്ത്യ. ഇൗ പശ്ചാത്തലത്തിലാണ് മുട്ട ഉച്ചഭക്ഷണത്തിെൻറ ഭാഗമാക്കി 2014ൽ നിതി ആയോഗ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, സസ്യാഹാരം കഴിക്കുന്നവരുടെ വികാരം വ്രണപ്പെടുമെന്ന പേടിമൂലം മുട്ടക്ക് ചില സംസ്ഥാനങ്ങൾ വിലക്ക് കൽപിച്ചിരിക്കുകയാണെന്ന് ആക്ടിവിസ്റ്റായ സ്വാതി നാരായൺ തയാറാക്കിയ റിപ്പോർട്ടിലുണ്ട്.
പഞ്ചാബ്, മിസോറം, ഡൽഹി എന്നീ ബി.ജെ.പി ഇതര സർക്കാറുകളും മുട്ട വിലക്കിയിട്ടുണ്ട്. ഭൂരിപക്ഷം വരുന്ന സസ്യാഹാരികളുടെ വികാരം മാനിച്ചാണ് മുട്ട നൽകാത്തതെന്ന് ഗുജറാത്തിലെ ഉച്ചഭക്ഷണ പദ്ധതി കമീഷണർ ആർ.ജി. ത്രിവേദി പറഞ്ഞു. ഹിമാചൽ പ്രദേശും ഇതേ നിലപാടിലാണ്. എന്നാൽ, കുട്ടികളിൽ ഭൂരിപക്ഷവും സസ്യാഹാരികളാണെന്ന വാദം സ്വാതി തള്ളി. രാജ്യത്തെ 15 വയസ്സിൽ താഴെയുള്ളവരിൽ 71 ശതമാനവും മാംസാഹാരം കഴിക്കുന്നവരാണെന്ന രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യയുടെ റിപ്പോർട്ട് അവർ ചൂണ്ടിക്കാട്ടി. മാംസ്യ സമ്പന്നമായ മുട്ട കുട്ടികൾക്ക് നൽകുന്നത് മികച്ച ഫലമുണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക