ലക്ഷദ്വീപിന്റെ അഭിമാന നൗക; കവരത്തി കപ്പൽ നീറ്റിലിറങ്ങി ഇന്നേക്ക് പത്ത് വർഷം

0
2098

കൊച്ചി: അറബിക്കടലിന്റെ ആഞ്ഞടിക്കുന്ന തിരമാലകളെ വകഞ്ഞുമാറ്റി കൊച്ചി-ലക്ഷദ്വീപ് ജലപാതയിൽ ഒറ്റക്കൊമ്പനെപ്പോലെ തലയെടുപ്പോടെ കുതിച്ചു നീങ്ങുന്ന ലക്ഷദ്വീപിന്റെ അഭിമാന നൗകയായ എം.വി.കവരത്തി നീറ്റിലിറങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിടുന്നു. ദ്വീപ് ജനതയുടെ രൂക്ഷമായ ഗതാഗത പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസമായാണ് എം.വി കവരത്തി നമ്മിലേക്കെത്തിയത്. ഏത് കാലാവസ്ഥയിലും സർവ്വീസ് നടത്തിയിരുന്ന എം.വി ടിപ്പു സുൽത്താൻ എന്ന കപ്പൽ അധിക കാലാവധിയും കഴിഞ്ഞ് സർവ്വീസ് നിർത്തലാക്കിയതോടെ ലക്ഷദ്വീപ് യാത്രാ മേഖലയിൽ ഉടലെടുത്ത രൂക്ഷമായ യാത്രാ പ്രശ്നങ്ങൾ എം.വി.കവരത്തിയുടെ വരവോടെ ഭാഗികമായെങ്കിലും പരിഹരിക്കാനായി.

എം. വി. കവരത്തി
www.dweepmalayali.com

കവരത്തി കപ്പലിന്റെ വരവോടെ നമ്മുടെ യാത്രാ നിലവാരവും മെച്ചപ്പെടുകയായിരുന്നു. ടിപ്പു സുൽത്താൻ, ഭാരത് സീമ, ദ്വീപ് സേതു എന്നീ കപ്പലുകളിൽ ഒരു മരത്തിന്റെ ബെഞ്ചിൽ നാലുപേർക്ക് ടിക്കറ്റ് അനുവദിച്ചിരുന്ന രീതി മാറി. നിലത്തും നടവഴിയിലുമായി ബെഡ്ഷീറ്റ് വിരിച്ച് കഴിച്ചുകൂട്ടിയിരുന്ന രാത്രിയാത്രകൾ ഇന്ന് നമുക്ക് വെറും ഓർമ്മകളാണ്. ടിപ്പു സുൽത്താൻ കപ്പലിലെ സെക്കന്റ് ക്ലാസ് കാന്റീനിൽ അതികഠിനമായ ചൂടിൽ വിയർത്ത് കുളിച്ച നിലയിൽ ഇരുന്ന് ഭക്ഷണം കഴിച്ചവരാണ് നമ്മളിൽ പലരും. ആ യാത്രാ രീതികൾ ഇന്നിന്റെ പുതു തലമുറയ്ക്ക് അതിശയോക്തിയാണ്. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒരു സമൂഹത്തിന്റെ യാത്രാ-ജീവിത രീതികൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ കവരത്തി കപ്പൽ ഉൾപ്പെടെയുള്ള ദ്വീപിലെ പുതു തലമുറ നൗകകൾ വഹിച്ച പങ്ക് വളരെ വലുതാണ്.

ഏത് കാലാവസ്ഥയിലും സഞ്ചരിക്കാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടെയുള്ള കപ്പലാണ് എം.വി കവരത്തി. ആറ് നിലകളിലുള്ള കപ്പലില്‍ നീന്തല്‍ക്കുളം, ഭക്ഷണശാലകള്‍, കളിസ്ഥലങ്ങള്‍, തിയേറ്ററുകള്‍ തുടങ്ങിയവയുമുണ്ട്. ജീവനക്കാര്‍ ഉള്‍പ്പടെ എണ്ണൂറോളം പേര്‍ക്ക് കപ്പലില്‍ സഞ്ചരിക്കാം.


വിശാഖപട്ടണത്തെ ഹിന്ദുസ്ഥാന്‍ ഷിപ്പിയാര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയാണ് കപ്പല്‍ നിര്‍മ്മിച്ചത്. യാത്രാക്കാരെ കൂടാതെ 160 മെട്രിക് ടണ്‍ ചരക്ക് കയറ്റാനും കപ്പലില്‍ സൗകര്യമുണ്ട്. 140 കോടി രൂപ ചെലവില്‍ ലക്ഷദ്വീപിന് വേണ്ടി നിര്‍മ്മിച്ച കപ്പൽ വിനോദ സഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ടതാണ്. ലക്ഷ‌ദ്വീപ് നിവാസികളുടെ എട്ട് വര്‍ഷത്തെ കാത്തിരിപ്പൊനൊടുവിലാണ് എം.വി കവരത്തി 2008-ൽ കൊച്ചിയില്‍ നിന്നും ആദ്യ യാത്ര പുറപ്പെട്ടത്.

സിറിയയിൽ ഐ.എസ് ഭീകരർ നടത്തിയ കലാപത്തിൽ നിന്നും ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ ഓപ്പറേഷൻ റാഹത്തിൽ എം.വി കവരത്തി, എം.വി കോറൽസ് കപ്പലുകൾ വലിയ പങ്കുവഹിച്ചു. യുദ്ധഭൂമിയിലെ 475 ഇന്ത്യക്കാരെയാണ് അന്ന് നമ്മുടെ കപ്പലുകൾ നാട്ടിലെത്തിച്ചത്.

കവരത്തി കപ്പൽ 10 വർഷം പൂർത്തിയാക്കിയ ഇന്നലെ കപ്പലിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ജെയ്സി അണിഞ്ഞ കപ്പൽ ജീവനക്കാർ യാത്രക്കാർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

നമ്മുടെ അഭിമാന നൗകയായ എം വി കവരത്തി ഇനിയും അറബിക്കടലിന്റെ ഓളങ്ങളിൽ ഒരുപാട് കാലം കുതിച്ചു മുന്നേറട്ടെ എന്ന് നമുക്ക് ആശംസിക്കാം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here