നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിൽ കേരളത്തിന് എല്ലാ പിന്തുണയും നൽകി ലക്ഷദ്വീപ് ജനത കൂടെതന്നെയുണ്ട്. എന്നാൽ ഈ ഘട്ടത്തിലും ദ്വീപുകാരെ പിഴിയുന്ന എറണാകുളത്തെ ഓട്ടോ ഡ്രൈവർമാർ കേരളത്തിന് തന്നെ അപമാനമാണ്. ദ്വീപുകാരനാണെന്ന് തിരിച്ചറിഞ്ഞാൽ സാധാരണ നിരക്കിന്റെ അഞ്ചോ ആറോ മടങ്ങ് കൂടുതലാണ് ഓട്ടോ ഡ്രൈവർമാർ ഈടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൽപ്പേനി ദ്വീപ് സ്വദേശിയായ “നജ്മുദ്ധീൻ കൽപ്പേനി” ഫെയ്സ്ബുക്കിൽ കുറിച്ച പോസ്റ്റ് വൈറലാവുകയാണ്. പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ ചേർക്കുന്നു.

പറയാതെ വയ്യ: നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരിതത്തിൽ നിന്നും കരകയറാൻ കേരളം ഒറ്റക്കെട്ടായി മുന്നേറുമ്പോൾ, പരസ്പരം സഹായിച്ചും സാന്ത്വനിപ്പിച്ചും ഓരോ കേരളീയനോടൊപ്പൊവും ലക്ഷദ്വീപുകാരനും തന്നാലാകുന്ന സഹായങ്ങൾ നൽകിക്കൊണ്ട് കൈകോർക്കുമ്പോൾ, മൊത്തം മലയാളികൾക്കും നാണക്കേട് ഉണ്ടാക്കുകയാണ് എറണാകുളത്തെ ചില ഓട്ടോ ഡ്രൈവർമാർ. ഇരട്ടിയിലധികം ചാർജ് ഈടാക്കിക്കൊണ്ട് ലക്ഷദ്വീപിൽ നിന്നും കൊച്ചിയിലെത്തുന്ന പാവം ദ്വീപുകാരെ പരമാവധി ചൂഷണം ചെയ്യുകയാണ് ഇവിടത്തെ മിക്കവാറും ഓട്ടോറിക്ഷാ ഡ്രൈവർമാരും. പ്രത്യേകിച്ച് കൊളംബോ ജംഗ്ഷനിലും സെന്റർ സ്‌ക്വയറിന്റെ മുൻപിലും ഉള്ള ഓട്ടോ ഡ്രൈവർമാർ. ഓട്ടോയിലിരുന്നെങ്ങാനും ദ്വീപ് ഭാഷയിൽ ഒന്ന് കൂടെയുള്ളവരോട് സംസാരിച്ചു പോയാൽ, ദ്വീപുകാരാണെന്ന് മനസ്സിലാക്കിപ്പോയാൽ പിന്നെ അവർ ചോദിക്കുന്നത് ഇരട്ടി പൈസയാണ്. മിനിമം ചാർജ് തന്നെ മറന്ന അവസ്ഥയാണ് പലരും. സെന്റർ സ്ക്വയർ മാളിൽ നിന്നും 550 മീറ്റർ മാത്രം ദൂരെയുള്ള കൊളംബോ ജംഗ്ഷനിലേക്ക് 30ഉം 40ഉം രൂപയാണ് വാങ്ങുന്നതെങ്കിൽ 2.50കി.മി മാത്രമുള്ള പനമ്പിള്ളി നഗറിലേക്ക് 80ഉം 100ഉം 150ഉം വരെ. വില്ലിങ്ങ്ഡൺ ഐലണ്ടിലേക്കാണെങ്കിൽ 250മുതൽ 300വരെ. രാത്രി 11 മണി മുതൽ വെളുപ്പിന് 5 വരെയാണ് ഒന്നര ഇരട്ടി തുക സാധാരണയിൽ ഈടാക്കുന്നതെങ്കിൽ ദ്വീപുകാരന് അത് രാത്രി 9 മുതലാണ്. അതും 2 ഇരട്ടിയിൽ കൂടുതൽ. “പൈസ കൂടുതലല്ലേ ചേട്ടാ” എന്ന് ചോദിച്ചാൽ തുടങ്ങും ഭീഷണിയും തെറിവിളിയും. പലപ്പോഴും കുടുംബവുമായി യാത്ര ചെയ്യുന്നവർ കേൾക്കാൻ കൊള്ളാത്ത തെറിവിളി ഒഴിവാക്കാൻ വേണ്ടി പറയുന്ന പൈസ കൊടുത്തുവിടുകയാണ് ചെയ്യാറ്. ഒരു കോടിക്ക് മുകളിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഞങ്ങടെ തുരുത്തിലെ പള്ളികൾ മുതൽ പാവം സ്കൂൾ വിദ്യാർത്ഥികൾ വരെ പിരിച്ചു നൽകിയത്. ദ്വീപിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥൻമാരും കക്ഷി രാഷ്ടിയ ഭേദമന്യേ ഒരു ദിവസത്തേ ശമ്പളം കേരളത്തിന് നൽകി. നാട്ടുകാരും കച്ചവടക്കാരും വിദ്യാർത്ഥികളും സാമ്പത്തിക സഹായത്തിന് പുറമെ വസ്ത്രങ്ങളും മറ്റും കൂട്ടം കൂട്ടമായി കേരളത്തിലെത്തിച്ച് സഹോദര സ്നേഹത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചു. പിരിവുകൾ ഇനിയും തുടരുന്നു. കാരണം ഞങ്ങൾക്ക് കേരളം ഇല്ലാതെ ജീവിതം ഇല്ലാന്നും നിങ്ങൾ ഞങ്ങളുടെ സ്വന്തക്കാരാണെന്നും തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് അത്. എന്നിട്ടും പഠനത്തിനോ ചികിത്സക്കോ ആയി കൊച്ചിയിലേക്ക് വരുന്ന പാവപ്പെട്ട ദ്വീപുകാരോട് ഓട്ടോ റിക്ഷാ ഡ്രൈവർമാർ കാണിക്കുന്ന ഈ ക്രൂരതക്ക് ഇവിടത്തെ പ്രബുദ്ധരായ മലയാളികൾ തന്നെ മറുപടി പറയും എന്ന വിശ്വാസത്തോടെ. -നജ്മുദ്ധീൻ കൽപ്പേനി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക