സാഫ് കപ്പ് ടൂർണമെന്റിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ ശ്രീലങ്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാർ സാഫ് കപ്പിലെ തുടക്കം ഗംഭീരമാക്കിയത്. മലയാളി താരം ആഷിക് കുരുണിയനും ലാലിയൻസുവാല ചങ്തേയുമാണ് ഇന്ത്യക്കായി ഗോൾ നേടിയത്.
സീനിയർ താരങ്ങളാരുമില്ലാതെ അണ്ടർ 23 ടീമുമായാണ് ഇന്ത്യ ബംഗ്ലാദേശിലെത്തിയിരിക്കുന്നത്.താരങ്ങൾക്ക് കൂടുതൽ രാജ്യാന്തര മത്സരപരിചയം ഉറപ്പാക്കുന്നതിനാണ് ഇത്തവണ ജൂനിയർ ടീമുമായി എത്താൻ കോച്ച് കോൻസ്റ്റന്റൈൻ തീരുമാനിച്ചത്. കോച്ചിന്റെ തീരുമാനം ശരിവക്കുന്നതായിരുന്നു ഇന്ത്യൻ യുവനിരയുടെ പ്രകടനം.
കളിയുടെ 35-ാം മിനിറ്റിൽ ടീമിലെ ഏക മലയാളി താരമായ ആഷിക്കാണ് ഇന്ത്യക്കായി ആദ്യം ശ്രീലങ്കൻ ഗോൾവല കുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ 47-ാം മിനിറ്റിൽ തന്നെ ലാലിയൻസുവാല ചങ്തേ ഇന്ത്യൻ ലീഡ് രണ്ടാക്കി ഉയർത്തി. ഗോളിനായി ശ്രീലങ്കൻ താരങ്ങൾ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക