ചേത്ത്ലാത്ത്: മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും മുതിർന്ന നേതാക്കളെ ബി.ജെ.പിയിൽ എത്തിക്കുന്നതിന് ബി.ജെ.പി രാജ്യത്തെമ്പാടും നടത്തി വരുന്ന ഓപ്പറേഷൻ താമര ലക്ഷദ്വീപിലും. ചേത്ത്ലാത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കെ.എൻ.കാസ്മിക്കോയ കോൺഗ്രസ് അംഗത്വം രാജി വെച്ച് ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥികളായി മൂന്ന് പേരുകൾ നിർദേശിക്കണം എന്ന രാഹുൽ ഗാന്ധിയുടെ നോട്ടീസ് മറികടന്ന് എൽ.ടി.സി.സി മൂന്ന് കോളത്തിലും അഡ്വ.ഹംദുള്ള സഈദിന്റെ പേര് നിർദേശിച്ചതിൽ പ്രതിഷേധിച്ച് കാസ്മിക്കോയ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നെങ്കിലും പാർട്ടി അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിരുന്നില്ല. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റായി വിരമിച്ച അദ്ദേഹം കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥ സംഘടനയായ ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്തിന്റെ കേന്ദ്രകമ്മിറ്റി പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരൻ കൂടിയായ കാസ്മിക്കോയ രചിച്ച രണ്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി അംഗമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളാണ് തന്നെ ബി.ജെ.പിയിലേക്ക് ആകർഷിച്ചതെന്ന് ശ്രീ.കാസ്മിക്കോയ പ്രതികരിച്ചു. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെ വികസന പദ്ധതികൾ കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവുന്നതിന് ബി.ജെ.പിക്ക് ശക്തി പകരേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ലക്ഷദ്വീപ് ഘടകം ഉപാധ്യക്ഷൻ ഡോ.മാപ്ലാട്ട് കൊയമ്മക്കോയയാണ് കാസ്മിക്കോയയുടെ പാർട്ടി പ്രവേശനം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ത്രിതല പഞ്ചായത്തുകളിൽ കൂറുമാറ്റ നിരോധന നിയമം ബാധകമല്ലാത്തതിനാൽ കാസ്മിക്കോയക്ക് നിലവിലെ പഞ്ചായത്തിന്റെ കാലാവധി പൂർത്തിയാക്കുന്നത് വരെ പഞ്ചായത്തംഗമായി തുടരാനാവും. ഇതാദ്യമായാണ് ലക്ഷദ്വീപിലെ ഒരു തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് ബി.ജെ.പി പ്രാതിനിധ്യം അറിയിക്കുന്നത്. രാജ്യത്തെമ്പാടും സംഘപരിവാർ നടത്തി വരുന്ന ഓപ്പറേഷൻ താമരയിലൂടെ കൂടുതൽ മുതിർന്ന നേതാക്കൾ ബി.ജെ.പിലേക്ക് എത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക